കേരളപ്പിറവി ദിനത്തിൽ മുണ്ടുടുത്തു; വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം

0

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തിൽ മുണ്ടുടുത്ത വിദ്യാർത്ഥിയ്ക്ക് മർദ്ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വിഷ്ണു പ്രസാദ് മുണ്ട് ഉടുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബൈക്കിലെത്തിയ മൂന്നു പേര്‍ പരിഹസിച്ചു. അധിക്ഷേപിച്ചവരോട് വിഷ്ണു പ്രസാദ് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ മൂവര്‍ സംഘം മര്‍ദിക്കുകയായിരുന്നു. ഹരിയാന രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ സംഘമാണ് തങ്ങളെ ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചതെന്നും വിഷ്ണു പ്രസാദ് പറഞ്ഞു.

വിഷ്ണുപ്രസാദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനമേറ്റത്. അക്രമികള്‍ കൈയില്‍ കെട്ടിയ ചരടുകള്‍ ഉയര്‍ത്തി കാട്ടിയെന്നും തങ്ങള്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ ആളുകളാണെന്ന് വെളിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് എ എ റഹീം അറിയിച്ചു. ശ്രീറാം കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് വിഷ്ണു പ്രസാദ്. ഹിന്ദു കോളജിലെ വിദ്യാര്‍ത്ഥികളാണ് ഗൗതമും അഖിലും. ജെയിംസ് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here