നരബലി ഭവന സന്ദർശനം’; ബോർഡ് വെച്ച് ഇലന്തൂരിലേക്ക് സ്പെഷൽ സർവീസ് നടത്തി ഓട്ടോ ഡ്രൈവർ

0

ഇലന്തൂർ: ഇലന്തൂരിലെ ഇരട്ടബലിയാണ് കേരളത്തിലെ ചർച്ചാവിഷയം. സംഭവം നടന്ന ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ആളുകളുടെ ശ്രദ്ധ അവിടെ തന്നെയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നാണ് നരബലി നടന്ന വീട്ടിലേക്ക് ആളുകൾ എത്തുന്നത്. ഇപ്പോഴിതാ നരബലി നടന്ന വീട്ടിലേക്ക് സ്പെഷൽ സർവീസ് നടത്തി ഒരു ഓട്ടോ ഡ്രൈവർ. ഇലന്തൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഗിരീഷാണ് വീടു കാണനെത്തുന്നവർക്കായി സർവീസ് നടത്തുന്നത്. ‘നരബലി ഭവന സന്ദർശനം’ എന്ന ബോർഡ് വച്ചാണ് ഗിരീഷ് സ്റ്റാൻഡിൽ കിടക്കുന്നത്. നല്ലതുപോലെ ഓട്ടവും കിട്ടുന്നുണ്ടെന്നാണ് ഗിരീഷ് പറയുന്നത്
ഇലന്തൂർ ജംക്‌ഷനിൽ നിന്ന് 3 കിലോമീറ്ററോളം ദൂരമുണ്ട് നരബലി നടന്ന വീട്ടിലേക്ക്. ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേരാണ് വീട് കാണാനെത്തുന്നത്. ബസിൽ വരുന്നവർ ഇലന്തൂരിലിറങ്ങും. ചോദിക്കാനും പറയാനും നിൽക്കാതെ തന്റെ ഓട്ടോയിലേക്ക് വന്നു കയറിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ബോർഡ് വച്ചതെന്ന് ഗിരീഷ് പറയുന്നു.

സംസ്ഥാനത്തെ നടുക്കിയ നരബലി സംഭവം നട‌ന്ന ഇലന്തൂരിലേക്ക് ദിനംതോറും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൈക്കുഞ്ഞുമായി അമ്മമാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഇലന്തൂരിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ നാലു ദിവസമായി നല്ല തിരക്കാണ് ജില്ലയുടെ ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. പല നാടുകളിൽ നിന്ന് പല തരക്കാരായ പല പ്രായക്കാരായ ആളുകളാണ് ഇലന്തൂരിലെ ഇരട്ടക്കൊല നടന്ന വീട് കാണാൻ ഒരു വിനോദ യാത്ര പോലെ എത്തുന്നത്.

വരുന്നവരെല്ലാം അപൂർവ കൊലപാതകം നടന്ന വീടിന്റെ ചിത്രമൊക്കെ പകർത്തി സെൽഫിയുമെടുത്താണ് മടങ്ങുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ മുതൽ കോളജ് വിദ്യാർഥികൾ വരെയാണ് ആൾക്കൂട്ടത്തിലുള്ളത്. പൊലീസ് നിയന്ത്രണം മറികടക്കാൻ അയൽ വീടിന്‍റെ മതിലുവരെ ചാടിക്കടക്കും ചിലരുമുണ്ട് കൂട്ടത്തില്‍. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയുന്നതും കേള്‍ക്കുന്നതും.

അതുകൊണ്ടാണ് 60 ഓളം കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി ഇലന്തൂരില്‍ എത്തിയതെന്നാണ് മുണ്ടക്കയം സ്വദേശി പ്രതികരിച്ചത്. കേരളം മുഴുവന്‍ ഞെട്ടിയ ലോകം മുഴുവന്‍ അറിഞ്ഞ ഒരു സംഭവം നടന്ന സ്ഥലം കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഒരു കോട്ടയം സ്വദേശിയും പറയുന്നു. കുപ്രസിദ്ധമായ ഒരു കൊലപാതകത്തിന്‍റെ പേരിൽ മാത്രം അറിയപ്പെടേണ്ട സ്ഥലമേ അല്ല ഇലന്തൂർ. മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ ഇടം നേടിയ ഗ്രാമമാണ് ഇത്. ഒപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ ജന്മനാടും ഇതേ ഇലന്തൂരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here