ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

0



കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം രാത്രിയോടെ മൃതദേഹം കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ശനിയാഴ്ച മൂന്നുമണിക്ക് പുളിയാര്‍മലയിലെ വീട്ടുവളപ്പില്‍ നടത്തും.

മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്. പതിനാലാം വയസ്സില്‍ വിവാഹനിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു.
മക്കള്‍: എം വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം വി ആശ, എം വി നിഷ, എം വി ജയലക്ഷ്മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ), എം.ഡി. ചന്ദ്രനാഥ്.

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ അനുശോചിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ബീനാഫിലിപ്പ്, രാജ്‌മോഹന്‍ഉണ്ണിത്താന്‍ എംപി, എം.എല്‍.എ.മാരായ തോട്ടത്തില്‍രവീന്ദ്രന്‍, ഷാഫിപറമ്പില്‍, മുല്ലപ്പള്ളിരാമചന്ദ്രന്‍, ഐ.എന്‍.എസ്. കേരള റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷ മാത്യു, മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ജോയിന്റ് മാനേജിങ്ങ് എഡിറ്റര്‍ പി വി നിധീഷ്, ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, കെ.പ്രവീണ്‍കുമാര്‍, ഹേമലത ചന്ദ്രന്‍, അഡ്വ. എം ഷഹീര്‍സിങ്ങ് തുടങ്ങിയവര്‍ കോഴിക്കോട്ടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, എം. കെ. രാഘവന്‍ എം.പി. എന്നിവര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here