വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തി; കയറാൻ സമ്മതിച്ചത് പുറപ്പെട്ടപ്പോൾ മാത്രം; സ്വകാര്യ ബസിനെതിരെ നടപടിയെടുത്ത് ആർടിഒ

0

കണ്ണൂർ: തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സ്വകാര്യ ബസിനെതിരെ നടപടി. തലശ്ശേരി ആർടിഒ പതിനായിരം രൂപ പിഴയിട്ടു. ബസ് പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുൻപ് മാത്രമേ വിദ്യാർത്ഥികളെ ബസിനുള്ളിൽ കയറാൻ അനുവദിക്കൂ എന്നതാണ് മിക്കയിടത്തും പാലിച്ച് പോരുന്ന ‘അലിഖിത നിയമം’. മഴയത്ത് ബസിന് മുന്നിൽ കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ അവർ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാൻ കാത്ത് നിൽക്കുകയായിരുന്നു.

ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തു. ബസ് തലശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം മോട്ടോർ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here