മുംബൈയില്‍ വൻ ലഹരി വേട്ട; 80 കോടിയുടെ ലഹരി മരുന്നുമായി മലയാളി യുവാവ് പിടിയിൽ

0

മുംബൈ: വിപണിയില്‍ 80 കോടി രൂപ വില മതിക്കുന്ന 16 കിലോ ഹെറോയിനുമായി കോട്ടയം സ്വദേശി ബിനു ജോണ്‍ ഡി ആര്‍ എ യുടെ പിടിയിലായി. 1476 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസ് മുംബൈയില്‍ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സമാനമായ കേസ് വീണ്ടും ആവർത്തിക്കപ്പെടുന്നത്. പ്രഥമ പരിശോധനയില്‍ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് വിശദമായ പരിശോധനയിലാണ് ട്രോളി ബാഗിലെ രഹസ്യ അറയില്‍ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

ജോണ്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ നിന്ന് ഖത്തര്‍ വഴിയാണ് മുംബൈയിലെത്തിയത്. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച 1476 കോടി രൂപയുടെ എം ഡി എം എ യും കൊക്കെയ്നും ഇക്കഴിഞ്ഞ ഞാറയറാഴ്ചയാണ് മുംബൈ തുറമുഖം വഴി കടത്തുന്നതിനിടെ പിടിയിലായത്. നവി മുംബൈയിലെ വാഷി ഗോഡൗണില്‍ നടന്ന റെയ്ഡിലാണ് ഓറഞ്ചു പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ മയക്ക് മരുന്നുകള്‍ പിടി കൂടിയത്.

എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള യാമിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് ലഹരി വസ്തുക്കള്‍ എത്തിയത്. പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്നും പിടികൂടിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടത്തുന്നുണ്ട്. വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും എക്‌സൈസ് സംഘം പരിശോധന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here