വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്; നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി

0

പത്തനംതിട്ട: റാന്നിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അടൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. റാന്നിയിലെ സിബിഎസ്ഇ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് പിടികൂടിയത്. ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. 42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് പഠനയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്.

അനുമതി തേടാത്തതില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പഠനയാത്ര അനുവദിച്ചിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി നാളെ ഉച്ചയ്ക്ക് മുമ്പ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്‌സിലേക്കായിരുന്നു പഠനയാത്ര. സ്‌കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ രണ്ടിടത്താണ് മോട്ടോര്‍ വാഹന വകുപ്പ് രാവിലെ പരിശോധന നടത്തിയത്. നഗരത്തോടു ചേര്‍ന്നുള്ള മൈലപ്രയിലും അടൂര്‍ ബൈപ്പാസിലുമായിരുന്നു പരിശോധന. പത്തനംതിട്ടയിലെ പരിശോധനയില്‍ നിയമം ലംഘിച്ച മൂന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here