കമ്പനികൾക്ക് ജീവനക്കാർ ഹിജാബ് ധരിക്കുന്നത് നിരോധിക്കാം’; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

0

ബ്രസ്സൽസ്: കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാൻ അനുമതി. യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്കാണ് ഈ പ്രത്യേകാനുമതി. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദം കത്തിനിൽക്കുന്നതിടെയാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി. ബെൽജിയം കമ്പനിയിലെ തർക്കമാണ് കോടതിയിലെത്തിയത്.

ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ഏർപ്പെടുത്തുകയാണെങ്കിൽ ഹിജാബിനും നിരോധനം ഏർപ്പെടുത്താമെന്നും ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്നും യൂറോപ്യൻ യൂണിയൻ നിയമം ലംഘിക്കപ്പെടില്ലെന്നും യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി നിരീക്ഷിച്ചു. ആറാഴ്ചത്തെ തൊഴില്‍ പരിശീലനത്തിന് അപേക്ഷിച്ചപ്പോൾ ഹിജാബ് ധരിക്കാൻ അനുവാദമില്ലെന്ന് അധികൃതര്‍ അറിയിച്ചതായി മുസ്ലീം സ്ത്രീ പരാതിയുന്നയിച്ചു. എന്നാൽ കമ്പനിയുടെ പൊതുഡ്രസ് കോഡിന്റെ ഭാ​ഗമായി ശിരോവസ്ത്രവും തൊപ്പിയും അനുവദിക്കില്ലെന്നും ന്യൂട്രാലിറ്റി ചട്ടമുണ്ടെന്നുമാണ് വ്യക്തമാക്കിയതെന്ന് കമ്പനി വിശദീകരിച്ചു.

തുടർന്ന് വിഷയം കോടതിയിലെത്തി. നിയമവ്യക്തക്കായി ബെൽജിയൻ കോടതി പിന്നീട് കേസ് യൂറോപ്യൻ യൂണിയൻ കോടതിയുടെ പരി​ഗണനക്ക് വിട്ടു. കമ്പനിയിലെ തൊഴിലാളികൾക്ക് ശിരോവസ്ത്രത്തിന് മൊത്തത്തിലുള്ള നിരോധനം യൂറോപ്യൻ യൂണിയന്റെ നിയമം ലംഘിക്കുന്നില്ലെന്നും കേസിനാസ്പദമായ നിരോധനം പരോക്ഷമായ വിവേചനമാണോ എന്ന് ബെൽജിയം കോടതി തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി.

നിഷ്പക്ഷത പാലിക്കാനാണെങ്കിൽ യൂറോപ്യൻ യൂണിയൻ കമ്പനികൾക്ക് ജീവനക്കാർ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്നും 2021ൽ കോടതി വിധിയിച്ചിരുന്നു. യൂറോപ്പിലും വിവാദ വിഷയമാണ് ഹിജാബ്. 2004ൽ ഫ്രാൻസ് സ്കൂളുകളിൽ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു. പൊതുസ്ഥലങ്ങളിൽ നിഖാബും ബുർഖയും പോലുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യം കൂടിയാണ് ഫ്രാൻസ്. നെതർലൻഡ്‌സിൽ സ്‌കൂളുകളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിഖാബും ബുർഖയും ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here