എൽദോസ് പരാതിക്കാരിയെ ആക്രമിച്ച കേസ്; മൂന്ന് അഭിഭാഷകരെ പ്രതി ചേർത്തു

0

തിരുവനന്തപുരം: എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തു. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. തടഞ്ഞുവച്ച് മർദ്ദിച്ചു, ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കാൻ ശ്രമിക്കൽ, സ്ത്രീത്വ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നേരത്തെ എൽദോസിനെതിരെ മാത്രമായിരുന്നു വഞ്ചിയൂർ പൊലീസാണ് കേസെടുത്തിരുന്നത്. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 31 ന് കോടതി വിധി പറയും.

കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിറ്റിൽ വച്ച് എംഎൽഎ അപായപ്പെടുത്താൻ ശ്രമിക്കുകയും ഓടിരക്ഷപ്പെട്ടപ്പോള്‍ മർദ്ദിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ രണ്ട് പ്രാവശ്യം എൽദോസിനെ എത്തിച്ച് തെളിവെടുത്തിരുന്നു. എറണാകുളത്തും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് പരാതി പിൻവലിക്കാൻ രേഖയുണ്ടാക്കാൻ ശ്രമിച്ചുവെന്നും എൽദോസ് മർദ്ദിച്ചുവെന്ന മൊഴിയിൽ പുതിയൊരു കേസ് കൂടി കഴിഞ്ഞ ദിവസം വ‍ഞ്ചിയൂർ പൊലീസ് എടുത്തിരുന്നു. ഈ കേസിൽ എൽദോസ് മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 31 ന് കോടതി വിധി പറയും.

കേസ് പിൻവലിക്കാൻ ഇപ്പോഴും ഭീഷണി തുടരുന്നതായി പരാതിക്കാരി ആരോപിക്കുന്നു. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയച്ചെന്നാണ് യുവതിയുടെ ആരോപണം. എംഎൽഎ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു. യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply