സുഹൃത്തുക്കൾക്കൊപ്പം മോഷ്ടിച്ച കാറിൽ സാഹസിക യാത്ര; കാര്‍ മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു

0

സുഹൃത്തുക്കൊപ്പം നടത്തിയ സാഹസിക യാത്രയ്ക്കൊടുവില്‍ കാര്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ട സ്പോര്‍ട്സ് കാര്‍ മോഷ്ടിച്ച് നിരത്തിലൂടെ ചീറിപ്പാഞ്ഞ് പോകുമ്പോഴാണ് അപകടം. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ട്രാഫിക് നിയമം തെറ്റിച്ച് അമിത വേഗത്തില്‍ പോയ കാറിനെ പൊലീസ് പിന്തുടരുന്നതിനിടയിലാണ് അപകടം.

വഴിയരികിലെ സൂചനാ പോസ്റ്റില്‍ ഇടിച്ച് വായുവിലേക്ക് തെറിക്കുമ്പോള്‍ കാര്‍ പാഞ്ഞത് 123എംപിച്ച് വേഗത്തിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫ്ലോറിഡ സ്വദേശികളായ കൗമാരക്കാരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വാഹനം ഓടിച്ചയാള്‍ക്കും പിന്‍സീറ്റിലിരുന്നയാള്‍ക്കും ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ഞായറാഴ്ച രാവിലെയാണ് സെന്‍റെ പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് കൗമാരക്കാര്‍ സ്പോര്‍ട്സ്കാര്‍ മോഷ്ടിച്ചത്. 2016മോഡല്‍ മസെരാറ്റിയാണ് മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് മോഷ്ടിച്ചത്. എന്നാല്‍ വാഹനം മോഷണം പോയത് അറിഞ്ഞ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു.

ഹെലികോപ്ടറിലെത്തിയ പൊലീസുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ കൂടുതല്‍ വേഗത്തില്‍ ഓടിച്ച് പോകാനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. മരിയോ ബോണില എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. അപകട സ്ഥലത്ത് വച്ച് തന്നെ മരിയോ കൊല്ലപ്പെട്ടു. വാഹനമോടിച്ച പതിനാറുകാരനായ ലാംഗ്, സുഹൃത്തായ മലാച്ചി ഡാനിയല്‍ എന്നിവര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ ലാംഗ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ലൈസന്‍സ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ കയ്യില്‍ നിന്ന് തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടതാണ് ഈ തോക്കെന്നാണ് പൊലീസ് രേഖകള്‍ വിശദമാക്കുന്നത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരല്ല അപകടത്തില്‍പ്പെട്ടവരെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അപകടകരമായ രീതിയില്‍ വാഹനം ചീറിപ്പായുന്നതിന്‍റേയും പോസ്റ്റിലിടിച്ച് മറിയുന്നതിന്‍റേയും ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ലാംഗ് ആണ് കാര്‍ അണ്‍ലോക്ക് ചെയ്തതെന്നാണ് സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് വ്യക്തമായിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here