വടക്കാഞ്ചേരിയിലെ വാഹന അപകടത്തിൽ പരിക്കേറ്റ 38 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും; മരിച്ചവരിൽ ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും; ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ; നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

0

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ കെ.എസ്.ആർടി.സി. ബസിന് പിറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഇനിയും ഉയർന്നേക്കും. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്ന സ്ഥിതിയാണം. പരിക്കേറ്റ അറുപതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 38 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ട ബസിൽ ഉണ്ടായിരുന്നത് 42 കുട്ടികളാണ്. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരും വിദ്യാർത്ഥികളും പറയുന്നത്.

ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവറും വ്യക്തമാക്കി. അപകടത്തിൽ പെട്ടശേഷം ബസ് നിർത്താൻ വളരെ പാടുപെട്ടുവെന്നും ഡ്രൈവർ വ്യക്തമാക്കി. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടു നൽകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. മരിച്ചവരിൽ ഒരു അദ്ധ്യാപകടനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുണ്ട്.

മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ് (22) പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു. അദ്ധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട് അദ്ധ്യാപകരും ഒരു വിദ്യാർത്ഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരു ആംബുലൻസിൽ ഒരു കൈപ്പത്തി മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീൺ വർഗീസ് (തിരുപ്പൂർ), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുൾ റൗഫ് (പൊന്നാനി). തൃശ്ശൂരിൽ ചികിത്സയിലുള്ളവർ: ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിൻ ജോസഫ് (15), ജനീമ (15), അരുൺകുമാർ (38), ബ്ലെസ്സൻ (18), എൽസിൽ (18), എൽസ (18).

LEAVE A REPLY

Please enter your comment!
Please enter your name here