ബെഡ് റൂം മുതൽ ബാത്റൂം വരെ ഡൂഡിൽ ആർട്; വൈറലായ വീടിന്റെ കഥ

0

കെന്റ് ആർട്ടിസ്റ്റായ സാം കോക്‌സ് അറിയപ്പെടുന്നത് മിസ്റ്റർ ഡൂഡിൽ എന്നാണ്. രണ്ട് വർഷമെടുത്ത് അദ്ദേഹം തന്റെ വീടു മുഴുവൻ ഡൂഡിലുകൾ വരച്ചു നിറച്ചു. ഒക്ടോബർ 2-നായിരുന്നു ഗൃഹപ്രവേശം. 1.35 ദശലക്ഷം പൗണ്ട് (ഏകദേശം 12.5 കോടി) വിലമതിക്കുന്ന ഈ ഡൂഡിൽ ഹൗസിൽ 12 മുറികളുണ്ട്. സ്റ്റൗ ടോപ്പുകൾ, ബെഡ്ഷീറ്റുകൾ, സ്റ്റെയർകേസ്, വാഷ്റൂമുകൾ, കൂടാതെ വീട്ടിലെ വെളുത്ത ഭിത്തിയുടെ ഓരോ ഇഞ്ചും വരകളാൽ മൂടിയിരിക്കുകയാണ്. നമ്മിൽ ഭൂരിഭാഗം പേർക്കും ഇത് വിരസമായി തോന്നിയേക്കാം, എന്നാൽ കോക്സ് ഇപ്പോൾ ജീവിക്കുന്നത് ഇങ്ങനെയൊരു ലോകത്താണ്.

28 വയസ്സ് മാത്രം പ്രായമുള്ള സാം കോക്സിന് 2.7M ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉണ്ട്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ചിത്രം വരയിൽ പ്രാവീണ്യം നേടിയത്. 2017-ൽ “മിസ്റ്റർ ഡൂഡിൽ പോപ്പ്-അപ്പ് ഷോപ്പ്” ആരംഭിച്ചു. ഈ ഷോയിലാണ് അദ്ദേഹം “ഡൂഡിൽ മാൻ” ആയി സ്വയം സ്ഥാപിച്ചു.

ട്വിറ്റർ ഹാൻഡിലിലൂടെ ഡൂഡിൽ കിടപ്പുമുറിയിൽ നിന്നുള്ള തന്റെയും ഭാര്യ അലീനയുടെയും ചിത്രം കോക്‌സ് പങ്കുവെച്ചു. ദമ്പതികൾ ഡൂഡിലുകളുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. “ഒടുവിൽ എന്റെ വീട് ഡൂഡിൽ ചെയ്തതിൽ വളരെ സന്തോഷവും ആവേശവും. ഞാൻ തന്നെ സ്റ്റോപ്പ് മോഷൻ ഫിലിം സൃഷ്ടിച്ചു, അതിൽ 1857 ഫോട്ടോഗ്രാഫുകൾ അടങ്ങിയിരിക്കുന്നു, ഡൂഡിലുകൾ യഥാർത്ഥമാണ്, ഇത് CGI അല്ല. ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് പൂർണ്ണമായും ഡൂഡിൽ ചെയ്ത ലോകത്താണ്,” മിസ്റ്റർ ഡൂഡിൽ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തു.

1857 ചിത്രങ്ങളുള്ള രണ്ട് മിനിറ്റ് സ്റ്റോപ്പ്-മോഷൻ വീഡിയോയിൽ രണ്ട് വർഷത്തെ പ്രക്രിയയിൽ കലാകാരൻ തന്റെ വീട്ടിലുടനീളം പെയിന്റിംഗ് ചെയ്യുന്നത് കാണാനാകും. 2296 പേന നിബുകൾ, 401 ബ്ലാക്ക് സ്പ്രേ പെയിന്റ് ക്യാനുകൾ, 286 ബ്ലാക്ക് ഡ്രോയിംഗ് പെയിന്റ് ബോട്ടിലുകൾ, 900 ലിറ്റർ വെള്ള പെയിന്റ് എന്നിവ ഉപയോഗിച്ചതായി കോക്സ് അവകാശപ്പെട്ടു. മാറ്റിസ്ഥാപിക്കാവുന്ന നിബ്ബുകളുള്ള നാല് വ്യത്യസ്ത വലിപ്പത്തിലുള്ള പേനകൾ ഉപയോഗിച്ച് മാലിന്യം കുറയ്ക്കാനുള്ള ബോധപൂർവമായ ശ്രമവും അദ്ദേഹം നടത്തിയിട്ടുണ്ട്.

പ്രോപ്പർട്ടി മുഴുവൻ ഡൂഡിൽ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മുൻ ഉടമകൾ തന്നെ ആവർത്തിച്ച് പ്രേരിപ്പിച്ചിരുന്നതായി കോക്സ് പറയുന്നു. എന്നാൽ സാം കോക്സ് അവരുടെ അഭ്യർത്ഥനകൾ അവഗണിച്ചു. ഭാര്യ അലീനയ്ക്കും അഥവാ മിസിസ് ഡൂഡിലിനും അവരുടെ ഡൂഡിൽ നായയ്ക്കുമൊപ്പം ഡൂഡിൽ ഹൗസിൽ സ്ഥിരമായി താമസിക്കുവാനാണ് സാം കോക്‌സിന്റെ ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here