70 ലക്ഷം രൂപയുടെ ഒന്നാംസമ്മാനമടിച്ച ലോട്ടറി ടിക്കറ്റ്‌ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

0

മഞ്ചേരി: 70 ലക്ഷം രൂപയുടെ ഒന്നാംസമ്മാനമടിച്ച ലോട്ടറി ടിക്കറ്റ്‌ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മണ്ണാര്‍ക്കാട്‌ അലനല്ലൂര്‍ തിരുവിഴാംകുന്ന്‌ പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ്‌ (46), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരാണു മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പരാതിയില്‍ അറസ്‌റ്റിലായത്‌.
കഴിഞ്ഞ ഓഗസ്‌റ്റ്‌ 19-നു നറുക്കെടുത്ത നിര്‍മല്‍ ലോട്ടറിയുടെ ഒന്നാംസമ്മാനാര്‍ഹമായ ടിക്കറ്റാണു സംഘം തട്ടിയെടുത്തത്‌. സമ്മാനം ലഭിച്ച 798484 നമ്പര്‍ ടിക്കറ്റ്‌ ഒരുമാസമായിട്ടും പണം കൈപ്പറ്റാന്‍ സമര്‍പ്പിച്ചിരുന്നില്ല. നികുതി കിഴിച്ച്‌ 43 ലക്ഷം രൂപയാണു ലഭിക്കേണ്ടത്‌. എന്നാല്‍ പാലക്കാട്‌ കേന്ദ്രീകരിച്ചുള്ള സംഘം ഇടനിലക്കാര്‍ മുഖേന സമീപിച്ച്‌ ടിക്കറ്റിനു 45 ലക്ഷം രൂപ വാഗ്‌ദാനംചെയ്‌തു. പണം കൈപ്പറ്റാന്‍ വ്യാഴാഴ്‌ച രാത്രി പത്തരയോടെ കച്ചേരിപ്പടിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ അലവിയുടെ എത്തിയപ്പോള്‍ കാറിലെത്തിയ എട്ടംഗസംഘം ടിക്കറ്റ്‌ തട്ടിയെടുത്ത്‌ കടന്നു.
അറസ്‌റ്റിലായവര്‍ ഇടനിലക്കാരാണ്‌. മറ്റ്‌ ആറുപേര്‍ക്കായി അന്വേഷണമാരംഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസുള്ളതിനാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ പണം കൈമാറരുതെന്നു ലോട്ടറി വകുപ്പിനോടു പോലീസ്‌ ആവശ്യപ്പെട്ടു.

Leave a Reply