വരുമാനം കൂടിയതിനാൽ രണ്ടു മാസം മുമ്പ് 1.45 കോടി രൂപ എനിക്ക് കേന്ദ്രസർക്കാരിന് നികുതി അടയ്ക്കേണ്ടി വന്നു;
രണ്ട് വർഷം കഴിഞ്ഞല്ലാതെ ആരെയും സഹായിക്കരുത്, പിന്നീട് പാടുപെടും, ഓണം ബംപർ മുൻ ജേതാവിന് പറയാനുള്ളത്

0

ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടി നേടി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ്. യാദൃശ്ചികമായി കഴിഞ്ഞ തവണ ഭാഗ്യ ദേവത ഓണം ബംപറിന്റെ രൂപത്തിൽ കടാക്ഷിച്ചതും ഒരു ഓട്ടോ ഡ്രൈവറെ തന്നെയായിരുന്നു. മരട് സ്വദേശിയായ ജയപാലൻ.
ഒരു വർഷത്തിനിപ്പുറം ഭാഗ്യദേവത വീണ്ടും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയെ തേടിയെത്തിയതിന്റെ സന്തോഷത്തിലും, സ്നേഹാശംസകളോടൊപ്പം സ്വന്തം ജീവിതാനുഭവത്തിൽ നിന്നുള്ള വിലപിടിപ്പുള്ള ഉപദേശമാണ് മുൻ ജേതാവിന് നൽകാനുള്ളത്. ‘രണ്ട് വർഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുത്.നികുതി അടയ്ക്കാൻ പിന്നീട് പാടു പെടും.’ പതിവുപോലെ ഇപ്പോഴും സവാരിക്കാരെ കാത്ത് ഓട്ടോറിക്ഷയുമായി മരടിൽ സജീവമായ മരട് പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലൻ അനൂപിനായി തന്റെ മനസ്സ് തുറന്നു

” വരുമാനം കൂടിയതിനാൽ രണ്ടു മാസം മുമ്പ് 1.45 കോടി രൂപ എനിക്ക് കേന്ദ്രസർക്കാരിന് നികുതി അടയ്ക്കേണ്ടി വന്നു. ഇത്തവണത്തെ ഭാഗ്യവാന് അതിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും.നാളെ രാവിലെ മുതൽ വീട്ടിൽ സഹായം അഭ്യർത്ഥിച്ച് ആളുകൾ എത്തിത്തുടങ്ങും. രാവിലെ അവരായിരിക്കും നമ്മുടെ കണി. എല്ലാവരെയും സഹായിക്കാൻ നമുക്ക് പറ്റിയെന്നുവരില്ല. അതിൽ വിഷമിച്ചിട്ടും കാര്യമില്ല. വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും മുമ്പ് നൽകിയതിന്റെ ഇരട്ടി ഇനി നൽകേണ്ടി വരും. ഇതിനെല്ലാം പണം നമ്മൾ കരുതണം. അതുകൊണ്ടു തന്നെയാണ് ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെ ഞാനിപ്പോഴും ഓട്ടോ ഓടിക്കുന്നത്. എന്റെ ഭാര്യ മണി ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ സ്വീപ്പർ ജോലിക്കും പോകുന്നുണ്ട് .ലോട്ടറി പണത്തിലൂടെ കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കുറച്ച് കടം തീർത്തു. കുറച്ചു പണം സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും നൽകി. ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ സേവാഭാരതിക്കായി മാറ്റി. ബാക്കി തുക ഭാര്യയുടെയും മക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. കുടുംബച്ചെലവുകൾക്ക് പണം ഉപയോഗിച്ചിട്ടില്ല, ഓട്ടോയുടെ വായ്പ തീർന്നിട്ടില്ല. ലോട്ടറി അടിച്ച് ആരും രക്ഷപ്പെട്ടിട്ടില്ല. കാരണം മതിമറന്നുള്ള ധാരാളിത്തമാണ്. പണം സൂക്ഷിക്കണം. നികുതി അടച്ചില്ലെങ്കിൽ അത് പെരുകി നമുക്ക് താങ്ങാനാവാത്ത സ്ഥിതിയാകും” ജയപാലൻ പറഞ്ഞു.കഴിഞ്ഞ വർഷം 12 കോടിയുടെ ഓണം ബമ്പർ അടിച്ചതിനെ തുടർന്ന് ഭീഷണി കത്തുകൾ അടക്കം ജയപാലന് ലഭിച്ചിരുന്നു

Leave a Reply