പുനര്‍വിവാഹത്തിന്‌ പരസ്യം നല്‍കിയ യുവാവിനെ പറ്റിച്ച്‌ യുവതി തട്ടിയെടുത്തത്‌ 4.15 ലക്ഷം രൂപയും വില കൂടിയ മൊബൈല്‍ ഫോണും

0

പുനര്‍വിവാഹത്തിന്‌ പരസ്യം നല്‍കിയ യുവാവിനെ പറ്റിച്ച്‌ യുവതി തട്ടിയെടുത്തത്‌ 4.15 ലക്ഷം രൂപയും വില കൂടിയ മൊബൈല്‍ ഫോണും. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത യുവതിയ്‌ക്കായി അക്കൗണ്ട്‌ മുഖേനെ പണമിട്ടു കൊടുക്കുകയും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയുമായിരുന്നു.
ആലപ്പുഴ കൃഷ്‌ണപുരം കാപ്പില്‍ ഈസ്‌റ്റ്‌ പുത്തന്‍തുറ വീട്ടില്‍നിന്നും കൃഷ്‌ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന വി. ആര്യയെ(36)യാണു കോയിപ്രം എസ്‌.എച്ച്‌.ഒ: സജീഷ്‌ കുമാര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: കോയിപ്രം കടപ്ര സ്വദേശിയായ യുവാവ്‌ നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട്‌ 2020 മേയ്‌ നാലിനാണ്‌ യുവതി വിളിച്ചത്‌. രണ്ട്‌ മൊബൈല്‍ ഫോണുകളില്‍നിന്നും മാറി മാറി വിളിച്ച ആര്യ തന്റെ സഹോദരിക്ക്‌ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞു. മേയ്‌ 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്‌ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ആദ്യം തട്ടിയെടുത്തു. കറ്റാനം സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ അക്കൗണ്ടിലേക്കാണു തുക കൈമാറിയത്‌. കൂടാതെ, 22,180 രൂപ വിലയുള്ള ഓപ്പോ മൊബൈല്‍ ഫോണും വാങ്ങിയെടുത്തു. യുവതിയുടെ നിര്‍ദേശ പ്രകാരം ഫോണ്‍ വാങ്ങി ഒരു കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ചതി പറ്റിയെന്നു മനസിലാക്കിയ യുവാവ്‌ കഴിഞ്ഞ ജനുവരി ഒന്നിന്‌ പത്തനംതിട്ട ഡിവൈ.എസ്‌.പിക്ക്‌ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പോലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണം ഇടപാട്‌ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച്‌ വാങ്ങിയ മൊബൈല്‍ ഫോണ്‍ സ്വീകരിച്ച തിരുവല്ലയിലെ മൊബൈല്‍ കട ഉടമയെയും ഫോണ്‍ കൊടുക്കാന്‍ ഏല്‍പ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെയും പോലീസ്‌ ചോദ്യംചെയ്‌തു. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ പ്രതിക്ക്‌ സഹോദരിയില്ലെന്നും വ്യക്‌തമായി.
പാലക്കാട്‌ കിഴക്കന്‍ചേരിയില്‍നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. എസ്‌ .ഐ: അനൂപ്‌ സുജിത്‌, എം. എഷെബി എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here