ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല നിർദേശിച്ചുള്ള ഉത്തരവിൽ വ്യക്തത തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി

0

ന്യൂഡൽഹി ∙ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല (ഇഎസ്‍സെ‍ഡ്) നിർദേശിച്ചുള്ള ഉത്തരവിൽ വ്യക്തത തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി.

ഉത്തരവ് ജനങ്ങൾക്കിടിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന കേരളത്തിന്റെ വാദം കേന്ദ്ര സർക്കാരും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിനു പുറമേ, ഹിമാചൽപ്രദേശ്, ലഡാക്ക്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലും വലിയ പ്രതിസന്ധിയുണ്ട് തുടങ്ങിയ വാദങ്ങളും ഹർജിയിൽ ചേർത്തിട്ടുണ്ട്.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും ഇഎസ്‌സെഡ് വേണമെന്നാണ് ജൂൺ 3ലെ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചത്. ഇതിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജിയിൽ തുറന്ന കോടതിയിൽ വാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രം വ്യക്തത തേടുന്നത് 44എ, 44ഇ ഭാഗങ്ങളിൽ

∙ ജൂൺ 3 ലെ വിധിയിലെ 44എ, 44ഇ ഭാഗങ്ങളിൽ വ്യക്തത നൽകണമെന്നാണ് ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും ഇഎസ്‌സെഡ് വേണമെന്നതാണ് ഇതിൽ ആദ്യത്തേത്. 2011 ലെ മാർഗരേഖ പ്രകാരമുള്ള കർശന വ്യവസ്ഥകൾ ഇഎസ്െസഡ് മേഖലയിൽ ഉറപ്പാക്കണമെന്നും 44എയിൽ പറയുന്നുണ്ട്.

അതേസമയം, ഒരു കിലോമീറ്റർ വീതിയിലെ ബഫർ സോണിൽ നേരത്തെ മുതലുള്ള പ്രവർത്തനങ്ങൾ (നിരോധിത പ്രവർത്തനം അല്ലെങ്കി‍ൽ) തുടരുന്നതിനു തടസ്സമില്ലെന്നു 44ഇയിൽ പറയുന്നുണ്ട്. 6 മാസത്തിനകം ഇതിനു സംസ്ഥാന ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും പറയുന്നു. ഇഎസ്‍സെഡ് മേഖലയിൽ ഏതാവശ്യത്തിനായാലും സ്ഥിര നിർമാണം പാടില്ലെന്നും പറയുന്നുണ്ട്.

∙ ‘പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം 6 മാസത്തിനകം പുറത്തിറക്കാനാകും. ഗോവയിലെയും മഹാരാഷ്ട്രയിലെയും പരാതികൾ പരിഹരിച്ചു. പരാതി പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം ഉടൻ റിപ്പോർട്ട് നൽകും.’ – ഭൂപേന്ദർ യാദവ്, കേന്ദ്ര വനം മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here