മകന്‍ ചവിട്ടിക്കയറിയ പടവുകള്‍, അവനിരുന്ന്‌ പാട്ടുപാടിയ മതില്‍ക്കെട്ട്‌ , കളിച്ചുല്ലസിച്ച, മുദ്രാവാക്യം വിളിച്ച ഇടനാഴികള്‍… ഇത്രയും പിന്നിട്ടപ്പോഴേക്കും ആ അച്‌ഛനും അമ്മയും നിയന്ത്രണം വിട്ട്‌ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു

0

മകന്‍ ചവിട്ടിക്കയറിയ പടവുകള്‍, അവനിരുന്ന്‌ പാട്ടുപാടിയ മതില്‍ക്കെട്ട്‌ , കളിച്ചുല്ലസിച്ച, മുദ്രാവാക്യം വിളിച്ച ഇടനാഴികള്‍… ഇത്രയും പിന്നിട്ടപ്പോഴേക്കും ആ അച്‌ഛനും അമ്മയും നിയന്ത്രണം വിട്ട്‌ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. മകന്‍ പഠിച്ച ക്ലാസ്‌ മുറിയിലേക്ക്‌ പോകാനുള്ള ശക്‌തി പോലും ചോര്‍ന്നു. തളര്‍ന്ന ഇരുവരേയും കൂടെ വന്നവരും ധീരജിന്റെ സഹപാഠികളും ചേര്‍ന്ന്‌ ഓഫീസ്‌ മുറിയോട്‌ ചേര്‍ന്ന ഹാളിലേക്ക്‌ മാറ്റി. കണ്ണീരൊഴുക്കി ചുറ്റും കൂടി നിന്നവരിലേക്ക്‌ നിസഹായതയോടെ അവര്‍ നോക്കി… മകന്റെ കൂട്ടുകാര്‍, അധ്യാപകര്‍, സംഘടനാ പ്രവര്‍ത്തകര്‍ എല്ലാവരുമുണ്ട്‌. മിക്കയിടത്തും അവന്റെ ഓര്‍മകള്‍ മാത്രം… അവന്‍ മാത്രം ഇല്ല. കൊല്ലപ്പെട്ട ധീരജ്‌ പഠിച്ച പൈനാവ്‌ എന്‍ജിനീയറിങ്‌ കോളജിലേക്കു പിതാവ്‌ രാജേന്ദ്രനും മാതാവ്‌ പുഷ്‌കലയും എത്തിയപ്പോഴുള്ള വികാര നിര്‍ഭരമായ രംഗങ്ങള്‍ കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി.
ഇരുവരും വരുന്നതറിഞ്ഞ്‌ ധീരജിന്റെ സഹപാഠികളും കോളജ്‌ അധികൃതരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരും കാമ്പസിലെത്തിയിരുന്നു. ഹാളിലെത്തിയ ഇരുവരേയും കൂടി നിന്നവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മകന്റെ ദുഃഖസാന്ദ്രമായ ഓര്‍മകള്‍ വിങ്ങുന്ന അന്തരീക്ഷത്തില്‍ അധിക നേരം തുടരാന്‍ ആകില്ലെന്ന്‌ ഇരുവരും പറഞ്ഞു. അതോടെ പ്രിന്‍സിപ്പല്‍ എത്തി ധീരജിന്റെ സ്‌മരണക്കായി ക്ലാസ്‌ മുറിയില്‍ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ധീരജ്‌ ഇരിക്കുന്ന ചിത്രം മാതാപിതാക്കള്‍ക്ക്‌ കൈമാറി.
മടങ്ങും വഴി കോളജ്‌ കാമ്പസിലേക്കുള്ള വഴിയില്‍ ധീരജ്‌ കുത്തേറ്റ്‌ വീണ ഭാഗത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്തി. പുറത്തിറങ്ങിയ പിതാവ്‌ രാജേന്ദ്രന്‍ എന്റെ മകനേയെന്ന്‌ വാവിട്ട്‌ നിലവിളിച്ച്‌ ധീരജിന്റെ ചിത്രവും പേരും കൊത്തി വച്ച സ്‌തൂപത്തിന്‌ ചുവട്ടിലേക്ക്‌ ആര്‍ത്തലച്ച്‌ വീണു. ഏറെ പണിപ്പെട്ടിട്ടാണ്‌ രാജേന്ദ്രനെ ആശ്വസിപ്പിച്ച്‌ വാഹനത്തിലേക്ക്‌ തിരികെയെത്തിച്ചത്‌. ധീരജ്‌ സഹായ നിധി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന്‌ ഏറ്റുവാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം നാടായ കണ്ണൂര്‍ തളിപ്പറമ്പില്‍നിന്നു രണ്ട്‌ വാഹനത്തിലായി അയല്‍വാസികളും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. അവര്‍ക്കൊപ്പമാണ്‌ മകന്‍ പഠിച്ച കോളജിലേക്ക്‌ ഒരിക്കല്‍കൂടി രക്ഷിതാക്കളെത്തിയത്‌. ഏറെ പ്രതീക്ഷയോടെ പഠിക്കാനായച്ച മകന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ആ കാമ്പസിനുള്ളില്‍നിന്നും കണ്ണീരോടെ അവര്‍ മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here