ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും

0

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. ജാംതയിലെ വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴു മുതലാണു മത്സരം.
മഴ മത്സരത്തിനു ഭീഷണിയാകുമെന്നാണ്‌ ആശങ്ക. നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയും പകലും മഴയായിരുന്നു. മഴ മൂലം പരിശീലനവും മുടങ്ങി. മത്സരത്തിനിടെ മഴയുണ്ടാകുമെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌. 45,000 പേര്‍ക്കിരുന്നു കളി കാണാന്‍ കഴിയുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റുകള്‍ ഭൂരിഭാഗവും ഓണ്‍ലൈനിലെത്തി മിനിറ്റുകള്‍ക്കു ശേഷം വിറ്റു പോയിരുന്നു.
ബുധനാഴ്‌ച വൈകിട്ടാണ്‌ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ നാഗ്‌പുരിലെത്തിയത്‌. നാഗ്‌പുര്‍ നഗരത്തില്‍നിന്ന്‌ 20 കിലോ മീറ്റര്‍ അകലെയാണു ജാംത സ്‌റ്റേഡിയം. മൂന്ന്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഇവിടെ രാജ്യാന്തര മത്സരം നടക്കുന്നത്‌.
2019 ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്റി20 യാണു നടന്നത്‌. അന്ന്‌ ദീപക്‌ ചാഹാര്‍ കരിയറിലെ (ഏഴ്‌ റണ്‍ വഴങ്ങി ആറ്‌ വിക്കറ്റ്‌) ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. പിച്ച്‌ ബൗളര്‍മാര്‍ക്ക്‌ അനുകൂലമാണ്‌. ഇവിടെ നടന്ന 12 ട്വന്റി20 കളിലായി ആദ്യം ബാറ്റ്‌ ചെയ്‌ത ടീമിന്റെ ശരാശരി 151 റണ്ണാണ്‌. ഒന്‍പത്‌ തവണയാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ടീം ജയിച്ചത്‌.
ഒന്നാം ട്വന്റി20 യില്‍ നിരാശപ്പെടുത്തിയ ഭുവനേശ്വര്‍ കുമാര്‍ ഇന്നും തുടരുമെന്നാണു സൂചന. മൊഹാലിയില്‍ ഭുവി നാല്‌ ഓവറില്‍ 52 റണ്‍ വഴങ്ങി ധാരാളിയായി. ഇന്ത്യയുടെ തോല്‍വിക്കു കാരണവും ഭുവിയുടെ ഓവറുകളാണ്‌. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ നാല്‌ വിക്കറ്റിനാണു ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 208 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ കളി തീരാന്‍ നാല്‌ പന്തുകള്‍ ശേഷിക്കേയാണു വിജയ റണ്ണെടുത്തത്‌. ഉമേഷ്‌ യാദവിന്റെ പകരക്കാരനായി ജസ്‌പ്രീത്‌ ബുംറ എത്തുമെന്നാണു കരുതുന്നത്‌. വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനെ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിനു പകരം കളിപ്പിക്കാനും സാധ്യതയുണ്ട്‌.
ട്വന്റി20 യിലെ ടോപ്‌ സ്‌കോറര്‍ സ്‌ഥാനം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്‌ ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മ. രോഹിതിന്‌ നിലവില്‍ 3631 റണ്ണുണ്ട്‌. രണ്ടാം സ്‌ഥാനത്തുള്ള മുന്‍ നായകന്‍ വിരാട്‌ കോഹ്ലി (3586) 45 റണ്‍ മാത്രം പിന്നിലാണ്‌.
ഓസീസിന്റെ ജോഷ്‌ ഹാസില്‍വുഡ്‌ ഇന്നു രണ്ടു പേരെ പുറത്താക്കിയാല്‍ ട്വന്റി20 യില്‍ 50 വിക്കറ്റ്‌ തികയ്‌ക്കും. ഹാസില്‍വുഡിന്റെ 32-ാം ട്വന്റി20 യാണ്‌ ഇന്നു നടക്കുക. ഓസീസ്‌ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. പരുക്കു മൂലം പുറത്തിരിക്കുന്ന കെയ്‌ന്‍ റിച്ചാഡ്‌സണ്‍ കായിക ക്ഷമത വീണ്ടെടുത്തില്ല. ഹാസില്‍വുഡിനോ പാറ്റ്‌ കുമ്മിന്‍സിനോ വിശ്രമം അനുവദിച്ചാല്‍ സീന്‍ ആബട്ട്‌ കളിച്ചേക്കും.
സാധ്യതാ ടീം: ഇന്ത്യ – രോഹിത്‌ ശര്‍മ (നായകന്‍), ലോകേഷ്‌ രാഹുല്‍, വിരാട്‌ കോഹ്ലി, സൂര്യകുമാര്‍ യാദവ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ദിനേശ്‌ കാര്‍ത്തിക്ക്‌, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍,പ ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ/ ഉമേഷ്‌ യാദവ്‌, യുസ്‌വേന്ദ്ര ചാഹാല്‍/ ആര്‍. അശ്വിന്‍.
സാധ്യതാ ടീം: ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്‌ (നായകന്‍), കാമറൂണ്‍ ഗ്രീന്‍, സ്‌റ്റീവ്‌ സ്‌മിത്ത്‌, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ്‌ ഇന്‍ഗ്ലിസ്‌, ടിം ഡേവിഡ്‌, മാത്യു വേഡ്‌, പാറ്റ്‌ കുമ്മിന്‍സ്‌, നഥാന്‍ എലിസ്‌, ആഡം സാംപ, ഹാസില്‍വുഡ്‌.

LEAVE A REPLY

Please enter your comment!
Please enter your name here