പോക്സോ കേസിൽ അതിജീവിതയെ പരിശോധിച്ചു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ആരോപിച്ചു ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പിനു പരാതി നൽകി പൊലീസ്

0

പോക്സോ കേസിൽ അതിജീവിതയെ പരിശോധിച്ചു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ആരോപിച്ചു ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പിനു പരാതി നൽകി പൊലീസ്. ആശുപത്രിയിൽ പ്രധാന ചുമതല വഹിക്കുന്ന വനിതാ ഡോക്ടർക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് (ഡിഎംഒ) പരാതി നൽകിയത്.

പോക്സോ കേസിൽ തെളിവു ശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ചയാണ് അതിജീവിതയുമായി പൊലീസ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റിന്റെ സേവനം ഒപിയിൽ ലഭ്യമാണെന്ന് ഉറപ്പിച്ച ശേഷമാണ് അതിജീവിതയെ കൊണ്ടുപോയതെന്നു പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ആശുപത്രിയിലെത്തി അന്വേഷിച്ച ഘട്ടത്തിൽ ഡോക്ടർ എവിടെയെന്നു വ്യക്തമായി മറുപടി നൽകാതിരുന്ന ജീവനക്കാർ പിന്നീട് ഇവർ അവധിയിലാണെന്ന് അറിയിച്ചതായി പരാതിയിലുണ്ട്. ഏറെനേരം കാത്ത ശേഷം ഉച്ചയോടെ പാലക്കാട്ട് ജില്ലാ ആശുപത്രിയിലെത്തിച്ചാണു വൈദ്യപരിശോധന നടത്തിയത്.

കേസിൽ നിർണായക തെളിവായി മാറാവുന്ന സർട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നൽകണമെന്നിരിക്കെ, ഡോക്ടർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്നും ആശുപത്രി അധികൃതരുടെ സമീപനം അതിജീവിതയ്ക്കു വിഷമം സൃഷ്ടിച്ചെന്നുമാണു പൊലീസിന്റെ ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെടുന്ന പരാതി, മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും ചീഫ് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here