ഗുണനിലവാര പരിശോധന ഇല്ലാതെ സംസ്ഥാനത്തേക്ക് പേവിഷ വാക്സീൻ എത്തിച്ചിട്ടില്ലെന്ന ആരോഗ്യ മന്ത്രിയുടെയും വകുപ്പിന്റെയും നിലപാടുകൾ തള്ളി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ

0

ഗുണനിലവാര പരിശോധന ഇല്ലാതെ സംസ്ഥാനത്തേക്ക് പേവിഷ വാക്സീൻ എത്തിച്ചിട്ടില്ലെന്ന ആരോഗ്യ മന്ത്രിയുടെയും വകുപ്പിന്റെയും നിലപാടുകൾ തള്ളി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. കാലതാമസം ഒഴിവാക്കാൻ വേണ്ടി, കസൗളി കേന്ദ്ര മരുന്ന് ലാബിലെ പരിശോധനകൾ ഇല്ലാതെ വാക്സീൻ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കോർപറേഷൻ മുദ്ര വച്ച കവറിൽ നൽകിയ റിപ്പോർട്ടിൽ സമ്മതിച്ചു. കാലതാമസത്തിന് കാരണം കോവിഡ് ആണെന്ന് പറയുന്ന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ.എസ്.ചിത്ര, സ്വന്തം സ്ഥാപനത്തിന് സംഭവിച്ച പിഴവുകളെ കുറിച്ച് റിപ്പോർട്ടിൽ മൗനം പാലിക്കുകയാണ്.

കസൗളി കേന്ദ്ര മരുന്ന് ലാബിന്റെ (സിഡിഎൽ) പരിശോധന ഇല്ലാതെ സംസ്ഥാനത്തേക്ക് പേവിഷ വാക്സീൻ എത്തിച്ചു എന്ന് ‘മലയാള മനോരമ’ പുറത്തു കൊണ്ടു വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയത്. ബുധനാഴ്ച നടത്തിയ സിറ്റിങിൽ കോർപറേഷൻ എംഡി റിപ്പോർട്ട് നൽകി. ഇതോടൊപ്പം അടുത്തിടെ പേവിഷ മരണങ്ങൾ വർധിക്കാനുണ്ടായ സാഹചര്യവും കോർപറേഷൻ പ്രതിനിധികൾ വിശദീകരിച്ചിട്ടുണ്ട്.

പരിശോധന ഇല്ലാതെ മരുന്നു വാങ്ങിയിട്ടില്ലെന്ന സർക്കാർ നിലപാടിനെ പൂർണമായും തള്ളിക്കൊണ്ടാണ് കോർപറേഷൻ എംഡിയുടെ റിപ്പോർട്ട്. ‘സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിബന്ധനയാണ് സിഡിഎൽ സർട്ടിഫിക്കറ്റ് എന്നതെന്ന് എംഡി വ്യക്തമാക്കുന്നു. വിൻസ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിൻ ആന്റിറാബീസ് വാക്സീൻ ഇതേവരെ നിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. കേരളത്തിൽ അടിയന്തര സാഹചര്യം ആയിരുന്നു.

ഇന്ത്യയിൽ ഒട്ടാകെ വാക്സീനുകളുടെ നിലവാര പരിശോധന നടത്തുന്നത് കസൗളിയിലെ കേന്ദ്ര ലാബിലാണ്. കോവിഡ് കാരണം റിപ്പോർട്ട് കിട്ടാൻ കാലതാമസം ഉണ്ടാകാറുണ്ട്. വാക്സീന്റെ ലഭ്യതക്കുറവു കാരണവും ഉപഭോഗം വർധിച്ചതു മൂലവും പരിശോധനാ റിപ്പോർട്ട് കിട്ടാൻ കാലതാമസം നേരിടും എന്നതിനാലുമാണ് സിഡിഎൽ റിപ്പോർട്ട് ഒഴിവാക്കിയത്– ’ ക്വാളിറ്റി കൺട്രോൾ മാനേജർ തയാറാക്കി, എംഡി ഒപ്പിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ട് പരിശോധിക്കും

‘കെഎംഎസ്‌സിഎൽ നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നതേ ഉള്ളൂ. സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ വാക്സീൻ എത്തിക്കാനിടയായ സാഹചര്യം കോർപറേഷൻ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ആളുകൾ മരിക്കാനിടയായ സാഹചര്യമാണ് കോർപറേഷൻ അധികൃതർ നേരിട്ട് വിശദീകരിച്ചത്.’ – കെ.ബൈജുനാഥ് (കമ്മിഷൻ ജുഡീഷ്യൽ അംഗം)

Leave a Reply