പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

0

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പിഎസ്‌സി അറിയിച്ചു.

അതേസമയം, കേരള സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ, എംജി സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. എന്നാൽ രാവിലെ തന്നെ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി. ഹർത്താലിന്റെ സാഹചര്യത്തിൽ വെള്ളിയാഴ്ച സാധാരണ പോലെ സർവ്വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റ് അധികാരികൾക്കും കെ.എസ്.ആർ.ടിസി നിർദ്ദേശം നൽകിയിരുന്നു.

അതേസമയം ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡിഐജിമാർ, സോണൽ ഐജിമാർ, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവർക്കാണ്. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി
ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സാധാരണ പോലെ സർവീസ് നടത്താൻ എല്ലാ യൂണിറ്റ് അധികാരികൾക്കും സിഎംഡി നിർദ്ദേശം നൽകി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിനു രേഖാമൂലം അപേക്ഷ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ നടപടി
ഹർത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹർത്താൽ ദിവസം ജനങ്ങളുടെ സഞ്ചാരം

Leave a Reply