ജേക്കബ്‌ തോമസിനെതിരായ ഹര്‍ജി ഇന്നു സുപ്രീംകോടതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കിയില്ലെന്ന്‌ സര്‍ക്കാര്‍

0കൊച്ചി: ഡ്രഡ്‌ജര്‍ ഇടപാടുമായി ബന്ധപ്പെട്ടു വിജിലന്‍സ്‌ മുന്‍ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ പ്രതിയായ അഴിമതിക്കേസ്‌ ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്‌ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിയ്‌ക്കും.
അന്വേഷണം പൂര്‍ത്തിയാക്കാന്‍പോലും സാവകാശം നല്‍കാതെയാണു കേസ്‌ റദ്ദാക്കിയതെന്നാണു സര്‍ക്കാരിന്റെ വാദം. ഹര്‍ജിയില്‍ ജേക്കബ്‌ തോമസ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കു സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.ജേക്കബ്‌ തോമസ്‌ തുറമുഖ വകുപ്പ്‌ ഡയറക്‌ടര്‍ ആയിരിക്കേ നെതര്‍ലാന്‍ഡ്‌ ആസ്‌ഥാനമായ കമ്പനിയില്‍നിന്നു ഡ്രഡ്‌ജര്‍ വാങ്ങിയ ഇടപാടില്‍ അഴിമതിയുണ്ടെന്നു വിജിലന്‍സ്‌ നേരത്തേ കണ്ടെത്തിയിരുന്നു. സാങ്കേതിക സമിതിയെപ്പോലും മറികടന്ന്‌ ഇടപാടിനു ജേക്കബ്‌ തോമസ്‌ ഒത്താശ ചെയ്‌തെന്നാണു ആരോപണം. എന്നാല്‍, സെന്‍ട്രല്‍ പര്‍ച്ചേസിങ്‌ കമ്പനിയുടെ തീരുമാനപ്രകാരമാണ്‌ ഇടപാടെന്ന ജേക്കബ്‌ തോമസിന്റെ വാദം അംഗീകരിച്ചാണു ഹൈക്കോടതി കേസ്‌ റദ്ദാക്കിയത്‌്. ഈ ഉത്തരവിനെതിരേയാണു സംസ്‌ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌.
പല നിര്‍ണായക വിവരങ്ങളും ജേക്കബ്‌ തോമസ്‌ മറച്ചുവച്ചെന്നതടക്കമുള്ള വാദങ്ങളാണു സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്‌. നേരത്തേ, പൊതുപ്രവര്‍ത്തകനായ സത്യന്‍ നരവൂര്‍ നല്‍കിയ ഹര്‍ജിയിലും സുപ്രീംകോടതി ജേക്കബ്‌ തോമസിനു നോട്ടീസ്‌ അയച്ചിരുന്നു.

Leave a Reply