യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലെ കുറ്റാരോപിതൻ സിപിഐ മലപ്പുറം ജില്ലാ സമ്മേളന ദീപശിഖാ പ്രയാണത്തിന്റെ ക്യാപ്റ്റനായി

0

യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലെ കുറ്റാരോപിതൻ സിപിഐ മലപ്പുറം ജില്ലാ സമ്മേളന ദീപശിഖാ പ്രയാണത്തിന്റെ ക്യാപ്റ്റനായി. പ്രതിഷേധത്തെത്തുടർന്നു ദീപശിഖ ജാഥയുടെ ഉദ്ഘാടനവേദി മാറ്റി; പക്ഷേ, ക്യാപ്റ്റനെ മാറ്റിയില്ല. പെരുമാറ്റം സംബന്ധിച്ച് എഐവൈഎഫ് പ്രവർത്തക നൽകിയ പരാതി പരിഹരിച്ചെന്നാണു നേതൃത്വത്തിന്റെ നിലപാട്.

പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന പ്രഫ.പി.ശ്രീധരന്റെ സ്മൃതി മണ്ഡപത്തിൽനിന്നു ദീപശിഖാ പ്രയാണം തുടങ്ങാനായിരുന്നു തീരുമാനം. സിപിഐ ജില്ലാ സമ്മേളനം നടക്കുന്ന ഹിൽട്ടൻ ഓഡിറ്റോറിയത്തിൽനിന്നു 3 കിലോമീറ്റർ അകലെ, മഞ്ചേരി കോവിലകം റോഡിൽ ശ്രീധരന്റെ വീടിനോടു ചേർന്നാണു സ്മൃതി മണ്ഡപം ഒരുക്കിയിരുന്നത്. ആരോപണ വിധേയനാണു ക്യാപ്റ്റൻ എന്നറിഞ്ഞതോടെ ശ്രീധരന്റെ കുടുംബാംഗങ്ങളിൽ ചിലർ പ്രതിഷേധം അറിയിച്ചു.

കുറ്റാരോപിതനു ദീപശിഖ കൈമാറുന്നതു ശ്രീധരനോടുള്ള അവഹേളനമാകുമെന്ന നിലപാടിൽ കുടുംബം ഉറച്ചു നിന്നു. പരാതി നൽകിയ എഐവൈഎഫ് പ്രവർത്തകയും സ്മൃതിമണ്ഡപത്തിൽ എത്തിയിരുന്നു. ഇതോടെ ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം മഞ്ചേരിയിലെ സിപിഐ പാർട്ടി ഓഫിസിനു സമീപത്തേക്കു മാറ്റുകയായിരുന്നു. ആരോപണവിധേയന്റെ നേതൃത്വത്തിൽ തന്നെയാണു ദീപശിഖ സമ്മേളന നഗരിയിൽ എത്തിച്ചത്.

Leave a Reply