സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌ നാളെ; വിട്ടുകൊടുക്കില്ലെന്ന്‌ പ്രതിപക്ഷം

0

തിരുവനന്തപുരം : 15-ാം കേരള നിയമസഭയുടെ പുതിയ സ്‌പീക്കറെ നാളെ തെരഞ്ഞെടുക്കും. സി.പി.എമ്മിലെ എ.എന്‍. ഷംസീര്‍തന്നെ സ്‌പീക്കറാകുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ രാഷ്‌ട്രീയപോരാട്ടത്തിനുള്ള അവസരം നഷ്‌ടപ്പെടുത്താതെ പ്രതിപക്ഷവും മത്സരത്തിനു തയാറായി. പ്രതിപക്ഷനിരയിലെ കോണ്‍ഗ്രസില്‍നിന്നുള്ള അന്‍വര്‍ സാദത്തായിരിക്കും സ്‌പീക്കര്‍ സ്‌ഥാനത്തേക്ക്‌ മത്സരിക്കുക.
നാളെ രാവിലെ 10-നാണ്‌ തെരഞ്ഞെടുപ്പിനായി സഭ ചേരുന്നത്‌. ബില്ലുകള്‍ പാസാക്കുന്നതിനായി കഴിഞ്ഞമാസം 28-ന്‌ ചേര്‍ന്ന സഭ പിരിയാത്ത സാഹചര്യത്തില്‍ അതിന്റെ തുടര്‍ച്ചയായാണ്‌ സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനായി നാളെ വീണ്ടും സഭ സമ്മേളിക്കുന്നത്‌.
സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അസുഖത്തെതുടര്‍ന്ന്‌ സ്‌ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ്‌ പുതിയ സ്‌പീക്കര്‍ അനിവാര്യമായി വന്നത്‌. കോടിയേരി ഒഴിഞ്ഞതോടെ മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായി. ഇതിനെത്തുടര്‍ന്ന്‌ അദ്ദേഹം മന്ത്രിസ്‌ഥാനം രാജിവച്ചു. ആ ഒഴിവിലേക്ക്‌ 15-ാം കേരള നിയമസഭയുടെ സ്‌പീക്കറായി തെരഞ്ഞെടുത്ത എം.ബി. രാജേഷ്‌ മന്ത്രിയായി എത്തി. അദ്ദേഹം സ്‌ഥാനം ഒഴിഞ്ഞതോടെയാണ്‌ പുതിയ സ്‌പീക്കറെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്‌.
എം.ബി. രാജേഷ്‌ മന്ത്രിയാകുമ്പോള്‍ തലശേരിയില്‍നിന്നു രണ്ടു തവണ വിജയിച്ചുവന്ന എ.എന്‍. ഷംസീറിനെ സ്‌പീക്കറാക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിരുന്നു.
സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനായി നാളെ പത്തിനായിരിക്കും സഭ വീണ്ടും സമ്മേളിക്കുക. ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിലായിരിക്കും സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനായി നാളെ സഭ ചേരുക.

LEAVE A REPLY

Please enter your comment!
Please enter your name here