റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

0

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക്‌ 1.51 കോടി രൂപയുടെ ചെക്ക്‌ നല്‍കി. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്‌, റിലയന്‍സ്‌ ഡയറക്‌ടര്‍ മനോജ്‌ മോദി എന്നിവര്‍ക്കൊപ്പം വൈകിട്ട്‌ അഞ്ചോടെയാണ്‌ മുകേഷ്‌ അംബാനി ഗുരുവായൂരിലെത്തിയത്‌. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ പൊന്നാടയണിയിച്ചു സ്വീകരിച്ചു. തുടര്‍ന്നു ക്ഷേത്രത്തിലെത്തി നമസ്‌കാര മണ്ഡപത്തിനു സമീപത്തെ വിളക്കില്‍ നെയ്യ്‌ അര്‍പ്പിച്ചു. ദര്‍ശനത്തിനുശേഷം ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ്‌ സ്വീകരിച്ചു. മകന്‍ ആനന്ദിന്റെ വിവാഹക്കുറി ബലിക്കല്ലിനു സമീപം സമര്‍പ്പിച്ചു.
ദേവസ്വം ചെയര്‍മാനോടു ക്ഷേത്രകാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം കാണിക്കയായി 1.51 കോടിയുടെ ചെക്ക്‌ നല്‍കി. ദേവസ്വം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന 50 കോടി രൂപയുടെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിനു ദേവസ്വം അധികൃതര്‍ അംബാനിയോടു സഹായം അഭ്യര്‍ഥിച്ചു. സഹായം നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച്‌ അഞ്ചരയോടെയാണ്‌ അംബാനി മടങ്ങിയത്‌. കിഴക്കേ ഗോപുരകവാടത്തിനു മുന്നില്‍ ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ ദേവസ്വത്തിന്റെ ഉപഹാരം സമ്മാനിച്ചു.
അംബാനിയുടെ ക്ഷേത്രദര്‍ശനം കണക്കിലെടുത്തു വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. പോലീസിനു പുറമേ സ്വകാര്യ സെക്യുരിറ്റിക്കാരെയും വിന്യസിച്ചിരുന്നു.

Leave a Reply