സുപ്രീംകോടതിയിൽ ഭരണഘടനാ ബെഞ്ചിലെ നടപടികൾ തത്സമയം; ആദ്യം സംപ്രേഷണം ചെയ്തവയിൽ ശിവസേനയിലെ അധികാര തർക്കക്കേസും

0

ന്യൂഡൽഹി: ഭരണഘടനാ ബെഞ്ചിലെ നടപടികളുടെ ലൈവ് സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെ അടക്കം മൂന്ന് ഭരണഘടനാ ബെഞ്ചുകളിലെ നടപടികളുടെ ലൈവ് സ്ട്രീമിങ്ങാണ് ഇന്ന് ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത് കഴിഞ്ഞയാഴ്ച വിളിച്ചു ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ഭരണഘടന ബെഞ്ചിലെ നടപടികൾ തത്സമയം നൽകാൻ തീരുമാനിച്ചത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെ സാമ്പത്തിക സംവരണ കേസ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിലെ മഹാരാഷ്ട്ര ശിവസേനയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വാദം, ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബാർകൗൺസിൽ പരീക്ഷ കേസ് എന്നിവയാണ് തത്സമയം ഇന്ന് നൽകിയത്.

യുട്യൂബിലൂടെയായിരുന്നു ഇന്ന് സുപ്രീം കോടതിയിലെ തത്സമയ ദ്യശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ യുട്യൂബ് ഉപയോഗിക്കുന്നതിനു പകരം സുപ്രീം കോടതിക്ക് അതിന്റെ പ്ലാറ്റ് ഫോം ഉടൻ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2018 സെപ്റ്റംബർ 27 നാണ് ഭരണഘടനാ പ്രധാന്യമുള്ള കാര്യങ്ങളിലെ സുപ്രധാന നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എടുത്ത തീരുമാനത്തിൽ സെപ്റ്റംബർ 27 മുതൽ എല്ലാ ഭരണഘടനാ ബെഞ്ച് നടപടികളും തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആളുകൾക്ക് ഫോണുകളിലും ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും തടസമില്ലാതെ സുപ്രീംകോടതിയുടെ നടപടികൾ ഇനി മുതൽ കാണാൻ കഴിയും.

Leave a Reply