എയർ ഹോസ്റ്റസിനെ അവരുടെ വീട്ടിൽ വച്ച് മദ്യപിച്ചെത്തിയ ആൾ ബലാത്സംഗം ചെയ്തതായി പൊലീസ്

0

ന്യൂഡൽഹി: എയർ ഹോസ്റ്റസിനെ അവരുടെ വീട്ടിൽ വച്ച് മദ്യപിച്ചെത്തിയ ആൾ ബലാത്സംഗം ചെയ്തതായി പൊലീസ്. ഡൽഹിയിലെ മെഹ്‌റോലി മേഖലയിൽ ഇന്നലെയാണ് സംഭവം. യുവതിക്ക് പരിചിതനായ ആൾ തന്നെയാണ് ഇവരെ ആക്രമിച്ചത്. ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പാർട്ടി പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് അറസ്റ്റിലായ ഹർജീത്.

താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അടിയന്തിര സന്ദേശം ലഭിച്ചയുടനെ പൊലീസ് എത്തിയപ്പോൾ ഇവർ പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇയാളെ മുറിയിൽ പൂട്ടിയിട്ട ശേഷം 112 വിളിക്കുകയായിരുന്നു ഇവർ.

കഴിഞ്ഞ ഒന്നര മാസമായി ഹർജീതിനെ തനിക്ക് അറിയാമെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻചൗദരി പറഞ്ഞു. മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വന്ന ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും ഡിസിപി വ്യക്തമാക്കി.

Leave a Reply