ബീഹാറിൽ വെച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പദ്ധതിയിട്ടു, പരിശീലന ക്യാമ്പും സംഘടിപ്പിച്ചു; ഭീകര പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സമാഹരിച്ചത് 120 കോടിയെന്ന് ഇഡി

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയിരുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12ന് പട്‌നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്ക് നേരെയും തന്ത്രപ്രധാന സ്ഥലങ്ങളിലും ഒരേസമയം ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷെഫീക്ക് ഈ ബന്ധങ്ങള്‍ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചെന്നും റിപ്പോര്‍ട്ടില്‍ ഇഡി പറയുന്നുണ്ട്. 120 കോടി രൂപ വിദേശത്ത് നിന്നും സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം നിക്ഷേപിച്ച പലരും അജ്ഞാതരും സംശയിക്കപ്പെടുന്നവരുമാണ്. ഷെഫീക്ക് പായത്ത് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലെത്തിച്ച പണം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും നല്‍യിട്ടുണ്ടെന്നും ഇഡി പറയന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കേരളത്തിലടക്കം രാജ്യത്ത് വിവിധയിടങ്ങളില്‍ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് ഒഫീസുകളിലും നേതാക്കളുടെ വീടുകളിലും അടക്കം പരിശോധന ആരംഭിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. തുടര്‍ന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉള്‍പ്പെടെയുളള 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ എന്‍ഐഎ ചോദ്യം ചെയ്ത് വരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

പൊതുമുതല്‍ നശിപ്പിക്കല്‍, പ്രൊഫ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം, മറ്റു മതവിഭാഗങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ തുടങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തികള്‍ ജനമനസില്‍ ഭീതി പടര്‍ത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ സജ്ജരാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ യാസര്‍ ഹസനും മറ്റ് പ്രവര്‍ത്തകരും ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചെന്നും എന്‍ഐഎ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here