പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി വെന്റിലേറ്ററിൽ നിരീക്ഷണത്തിൽ

0

പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) വെന്റിലേറ്ററിൽ നിരീക്ഷണത്തിൽ. കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള അഭിരാമിയുടെ ചികിത്സയ്ക്കായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാംപിൾ അയച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയുടെ തലച്ചോറിൽ വൈറസ് ബാധിച്ചിട്ടുണ്ട്. എന്നാൽ അത് പേപ്പട്ടി വിഷബാധയാണോയെന്നു കണ്ടെത്തണമെന്ന് മെഡിക്കൽ ബോർഡ് അംഗം ഡോ. ആർ. സജിത്കുമാർ അറിയിച്ചു. എത്രയും വേഗം കൃത്യമായ പരിശോധനാ ഫലം ലഭിക്കുന്നതിനു വേണ്ടിയാണ് ആരോഗ്യവകുപ്പ് ഇടപെട്ട് സാംപിൾ ലാബിലേക്ക് അയച്ചത്.

പരിശോധനാഫലം കാത്തു നിൽക്കാതെ ലഭ്യമായ എല്ലാ ചികിത്സകളും കുഞ്ഞിന് ലഭ്യമാക്കുന്നതായി കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ് പറഞ്ഞു. 2 തവണ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി.

നില ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച വൈകിട്ടാണു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സ്ഥിതി മോശമായതോടെ കോട്ടയത്തേക്കു മാറ്റുകയായിരുന്നു. പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. വൈറസ് തലച്ചോറിലേക്കു വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്‌എച്ച്സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here