തെരുവുനായയുടെ കടിയേറ്റ് 12 വയസുള്ള മകള്‍ മരിച്ചതിന് പിന്നില്‍ ചികിത്സാപ്പിഴവെന്ന് മാതാപിതാക്കള്‍

0

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് 12 വയസുള്ള മകള്‍ മരിച്ചതിന് പിന്നില്‍ ചികിത്സാപ്പിഴവെന്ന് മാതാപിതാക്കള്‍. പട്ടി കടിച്ചതിനെ തുടര്‍ന്ന് റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിയെ പ്രാഥമിക ചികിത്സയ്ക്കായി ആദ്യം കൊണ്ടുപോയത് പെരിനാട് ആശുപത്രിയിലാണ്. എന്നാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കിയില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. പരിമിതികള്‍ ഉണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഭിരാമി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഭിരാമിക്ക് കൈയിലും കാലിനും കണ്ണിന് താഴെയുമായി ഏഴിടത്താണ് കടിയേറ്റത്. പേവിഷബാധയ്‌ക്കെതിരെ കുട്ടിക്ക് മൂന്ന് വാക്‌സിന്‍ നല്‍കിയിരുന്നു.

‘അവളുടെ അവയവങ്ങള്‍ ഉണ്ടോയെന്ന് ദൈവത്തിന് അറിയാം. രാവിലെ കയറി കാണുമ്പോഴും കുഞ്ഞിന് ചൂടുണ്ട്. നല്ല ചൂടുണ്ടായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ അവരോട് പറഞ്ഞ് കുഞ്ഞിന് ചൂടുണ്ട്. പനിക്കുന്നുണ്ട് എന്ന് പറഞ്ഞു. എന്നാല്‍ അന്നേരം ഒന്നും മരുന്ന് നല്‍കിയില്ല. കുറെ നേരം കഴിഞ്ഞാണ് മരുന്ന് നല്‍കിയത്. ഞാന്‍ ചെല്ലുമ്പോള്‍ കുഞ്ഞിന്റെ നെഞ്ചത്ത് രണ്ടുമൂന്ന് പേര്‍ കയറി നില്‍ക്കുന്നുണ്ട്. കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് പറയുന്നത്. ഒന്നു ഓര്‍ത്തുനോക്കൂ. 12 വയസുള്ള കുട്ടിക്കാണ് കാര്‍ഡിയാക് അറസ്റ്റ്. പിന്നെ അത് ജീവിച്ചിരിക്കുമോ?. പിന്നെ അതിനെ കൊല്ലാതെ കൊന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ എവിടെയൊക്കേ ഒപ്പിട്ടു കൊടുക്കാമോ അവിടെയെല്ലാം ഒപ്പിട്ടു കൊടുത്തു. ജീവന്‍ രക്ഷപ്പെടുമല്ലോ എന്ന് ഓര്‍ത്തു.’- മാതാപിതാക്കള്‍ പറയുന്നു.

Leave a Reply