റാങ്ക് ലിസ്റ്റിലുള്ള നഴ്സുമാർക്ക് നിയമനമില്ല; പാർട്ടി ലിസ്റ്റിലുള്ള നഴ്സുമാർക്ക് ആരോ​ഗ്യ വകുപ്പിൽ ജോലി ഉറപ്പ്; ആരോ​ഗ്യ വകുപ്പിലും പിൻവാതിൽ നിയമനം തകൃതി

0

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സുമാർക്കും പിൻവാതിൽ നിയമനം. ഇതോടെ വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷത്തോടടുക്കുമ്പോൾ 3% പേർക്കുപോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. അതേസമയം, ഇതേ തസ്തികയിൽ നിരവധി പേരാണ് ഇപ്പോഴും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. സിപിഎം അനുകൂലികളും എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ലാത്തവരുമാണ് താത്ക്കാലിക ജോലിയിൽ തുടരുന്നതെന്ന് ഉദ്യോ​ഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

14 ജില്ലകളിലായി നിലവിലുള്ള സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽ 7123 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്നു വിവിധ ജില്ലകളിലായി 185 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റ് ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്നു 3015 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ നടക്കുന്ന താൽക്കാലിക നിയമനമാണ് നിയമനം തടസ്സപ്പെടാൻ കാരണമെന്നു ലിസ്റ്റിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.

താൽക്കാലിക നിയമനത്തിന്റെ തോത് വർധിച്ചതാണ് സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 ന്റെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കുറയാൻ പ്രധാന കാരണം. വിവിധ ജില്ലകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണക്കിലധികം താൽക്കാലിക നിയമനം നടക്കുന്നുണ്ടെന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറയുന്നു. ആറു മാസത്തേക്കാണു സാധാരണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താറുള്ളതെങ്കിലും സ്റ്റാഫ് നഴ്സ് നിയമനം പല ജില്ലകളിലും ഒരു വർഷത്തേക്കാണ് നടത്തുന്നത്. ഇവരുടെ നിയമനം നീട്ടി നൽകുകകൂടി ചെയ്താൽ റാങ്ക് ലിസ്റ്റുകളിലെ നിയമനം വീണ്ടും കുറയാൻ സാധ്യതയുണ്ട്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ, അതേ തസ്തികയിൽ താൽക്കാലിക നിയമനം പാടില്ലെന്ന വ്യവസ്ഥയും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here