മത്തിയല്ല, ഇത് കിലോക്ക് ആയിരം രൂപയുള്ള ‘ഹിൽസ’; ഇക്കുറി ദുർഗാപൂജക്ക് ശൈഖ് ഹസീന നൽകും…

0

കൊൽക്കത്ത: മലയാളികൾക്ക് ഓണമെന്നതു​പോലെയാണ് ബംഗാളികൾക്ക് ദുർഗാപൂജ ഉത്സവം. ഉത്സവം കൊഴുക്കണമെങ്കിൽ പക്ഷെ ‘ഹിൽസ’ മീൻ വേണം. കണ്ടാൽ മത്തി പോലെയിരിക്കുമെങ്കിലും ഹിൽസ അത്ര നിസ്സാരനല്ല. വലിയ വിലയാണ്. കിലോയ്ക്ക് ആയിരത്തിലധികം രൂപ വരും. ബംഗാൾ വിപണിയിലെ മറ്റു മീനുകളുടെ വിലയുമായി തട്ടിച്ചുനോക്കിയാൽ വളരെ കൂടുതൽ.
ബംഗ്ലാദേശിലെ പത്മാനദിയാണ് പ്രധാനമായും ഹൽസയുടെ ആവാസകേന്ദ്രം. ബംഗ്ലാദേശിന്റെ ദേശീയ മത്സ്യം കൂടിയാണിത്. പശ്ചിമ ബംഗാളിന്റെ സംസ്ഥാന മത്സ്യവും. ബംഗാളിയിൽ ഇലിഷ് എന്നാണ് ഇതിനെ വിളിക്കുന്നത്. വിശേഷങ്ങൾക്ക് ഹിൽസയില്ലാതെ ബംഗാളികൾക്ക് ഒരു പരിപാടിയുമില്ല. മുമ്പ് പശ്ചിമ ബംഗാളിലെ നദികളിലും ഹിൽസ സുലഭമായിരുന്നു. ശുദ്ധജല മത്സ്യമാണിത്. അമിതമായ ഹിൽസ തീറ്റ കാരണം ഇപ്പോൾ സാധനം കിട്ടാക്കനിയാണ്. ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ വില ഉയർന്നു.

ഹൃദയാരോഗ്യത്തിന് സഹായകരമായ ഒമേഗ3 പോലുള്ള നല്ല ഫാറ്റി ആസിഡ്, പ്രോട്ടിൻ, കാൽസ്യം, ​വൈറ്റമിനുകൾ എന്നിവയുടെ കലവറയാണ് ഹിൽസ മീൻ. ഹിൽസ കിട്ടാനില്ലാതെ വന്നതോടെ ബംഗ്ലാദേശിൽനിന്ന് ഇറക്കുമതി ചെയ്യാൻ ശ്രമം തുടങ്ങി. പക്ഷെ, ബംഗ്ലാദേശികളും ഹിൽസക്കൊതിയരാണ്. 2012ൽ ഇന്ത്യയിലേക്കുള്ള ഹിൽസ കയറ്റുമതിക്ക് ബംഗ്ലാദേശ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2019 ലാണ് നിയന്ത്രണം ഭാഗികമായെങ്കിലും നീക്കിയത്.
എന്തായാലും ഇത്തവണ ദുർഗാപൂജ ഉത്സവത്തിന് 2450 ​മെട്രിക് ടൺ ഹിൽസ മൽസ്യം ഇന്ത്യക്ക് നൽകാൻ ധാരണയായിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യാ സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച കരാറിലൊപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടാൻ ‘ഹിൽസയും’ ഒരു കാരണമായേക്കും.

Leave a Reply