യുഎഇയിൽ ഇനി ആരും വിശന്നിരിക്കേണ്ടി വരില്ല; പണമില്ലാത്തവർക്ക് സൗജന്യ ബ്രഡ് വിതരണം; വിവിധ ഇടങ്ങളിൽ മെഷീനുകൾ സ്ഥാപിച്ചു

0

ദുബായ്: യുഎഇയിൽ ഇനി ആരും വിശന്നിരിക്കേണ്ടി വരില്ല. നിർധന കുടുംബങ്ങൾക്കും തൊഴിലാളികൾക്കും സൗജന്യ ബ്രെഡ് നൽകുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ (എഎംഎഎഫ്) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസി (എംബിആർജിസിഇസി)യാണ് ‘എല്ലാവർക്കും അപ്പം’ പദ്ധതി പ്രഖ്യാപിച്ചത്. ദിവസത്തിൽ വിവിധ സമയങ്ങളിലായിരിക്കും ബ്രെഡ് നൽകുക.

ഔട്ട്‌ലെറ്റുകളിൽ വിന്യസിച്ചിരിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് ഫ്രഷ് ബ്രെഡ് നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയുടെ ഭാഗമായി മുൻകൂട്ടി പ്രോഗ്രാം ചെയ്ത യന്ത്രങ്ങൾ ബ്രെഡ് തയാറാക്കുകയും സൗജന്യമായി നൽകുകയുമാണ് ചെയ്യുന്നത്.

അസ് വാഖ് സൂപ്പർമാർക്കറ്റിന്റെ അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽഷെബ, നദ്ദ് അൽ ഹമർ, അൽ ഖൂസ്, അൽ ബദാഅ ശാഖകളിൽ സ്‌മാർട് മെഷീനുകൾ വിന്യസിക്കുന്നു. മെഷീനുകൾ ഉപയോക്തൃ സൗഹൃദമാണ്, ഇവിടെ ആവശ്യമുള്ള ആർക്കും ‘ഓർഡർ’ ബട്ടൺ അമർത്താം. ബ്രെഡ് തയാറാക്കിക്കൊണ്ടിരിക്കുന്ന അൽപനേരത്തെ കാത്തിരിപ്പിന് ശേഷം അത് മെഷീനിൽ നിന്ന് വിതരണം ചെയ്യും.

പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിക്കായി ഫണ്ട് കണ്ടെത്തുന്നത്. ദുബായ് നൗ ആപ്പ് വഴി സംഭാവനകൾ നൽകാം. അല്ലെങ്കിൽ 10 ദിർഹം സംഭാവനയ്‌ക്ക് 3656, 50 ദിർഹം നൽകാൻ 3658, 100 ദിർഹം നൽകാൻ 3659, 500 ദിർഹം നൽകാൻ 3679, നമ്പരുകളിലേയ്ക്ക് എസ്എംഎസ് ചെയ്യുക. കൂടാതെ, MBRGCEC-യുടെ വെബ്‌സൈറ്റ് വഴിയും സംഭാവന നൽകാം. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിൽ വഴിയോ +97147183222 എന്നതിലെ ഫോൺ വഴിയോ സംരംഭത്തിന്റെ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്. യുഎഇയിൽ ആരും വിശന്ന് ഉറങ്ങുകയില്ല എന്ന് കോവിഡ്19ൻറെ ആദ്യ കാലങ്ങളിൽ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply