‘ഹോട്ടലിലെ താമസ സൗകര്യം വേണ്ട’; 150 ദിവസം രാഹുല്‍ ഗാന്ധി താമസിക്കുക കണ്ടെയ്‌നറുകളില്‍; ഭാരത് ജോഡോ യാത്രയുടെ വിശേഷണങ്ങൾ ഇങ്ങനെ

0

‘ഹോട്ടലിലെ താമസ സൗകര്യം വേണ്ട’; 150 ദിവസം രാഹുല്‍ ഗാന്ധി താമസിക്കുക കണ്ടെയ്‌നറുകളില്‍; ഭാരത് ജോഡോ യാത്രയുടെ വിശേഷണങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്‌നറുകളില്‍. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

യാത്ര ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളില്‍ ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. വലിയ ഇടവേളകളില്ലാതെയുള്ള ദീര്‍ഘ പര്യടനം രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഹോട്ടലില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ഥിരം യാത്രികരായ എല്ലാവര്‍ക്കുമൊപ്പം ലളിത സൗകര്യങ്ങള്‍ മതിയെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചു.

പലയിടങ്ങളിലും വ്യത്യസ്ത കാലാവസ്ഥയും ചുറ്റുപാടുകളും ആയതിനാല്‍ അതിനനുസരിച്ചുള്ള സംവിധാനങ്ങളായിരിക്കും കണ്ടെയ്‌നറുകളില്‍ ഒരുക്കുക. ഇതിനകം 60 കണ്ടെയ്‌നറുകള്‍ കന്യാകുമാരിയിലേക്ക് അയച്ചിട്ടുണ്ട്. രാഹുലിന് ഒപ്പമുള്ള സ്ഥിരം യാത്രക്കാരും കണ്ടെയ്‌നറുകളിലാണ് താമസിക്കുക. എല്ലാവര്‍ക്കും ഒരുമിച്ചുള്ള താമസവും ഭക്ഷണവുമാണ് ഒരുക്കിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 4 മുതല്‍ 7.30 വരേയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുന്നത്. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് യാത്ര. യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാവാം. 118 സ്ഥിരാംഗങ്ങള്‍ക്ക് പുറമേ ഓരോ സംസ്ഥാനത്തേയും 100-125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തില്‍ ഇന്ന് രാവിലെ 7 ന് രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ 1 മണിക്ക് കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here