നീറ്റ് പരീക്ഷ: ഉത്തരക്കടലാസ് മാറിയെന്ന പരാതിയുമായി വിദ്യാർഥിനി

0

ചെന്നൈ: നീറ്റ് പരീക്ഷയിൽ തന്‍റെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയത് മാറിപ്പോയെന്ന പരാതിയുമായി വിദ്യാർഥിനി. തമിഴ്നാട്ടിൽനിന്നുള്ള 19കാരിയാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) 2022ലെ നീറ്റ് പരീക്ഷയുടെ ഫലവും ഒ.എം.ആർ ഷീറ്റുകളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോൾ തന്‍റേതായി നൽകിയത് തെറ്റായ ഒ.എം.ആർ ഷീറ്റാണെന്ന് പരാതിയിൽ പറയുന്നു. 167 ഓളം ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകിയിരുന്നു. 13 ചോദ്യങ്ങൾ മാത്രമേ അവശേഷിപ്പിച്ചിരുന്നുള്ളൂ. എന്നാൽ, 60 ചോദ്യങ്ങൾ ഉത്തരം ചെയ്യാതെ വിട്ട ഷീറ്റാണ് തന്‍റെ പേരിൽ ലഭിച്ചതെന്നും വിദ്യാർഥിനി പറയുന്നു.

ആഗസ്റ്റ് 31ന് എൻ.ടി.എക്ക് ഇക്കാര്യം വ്യക്തമാക്കി ഇ-മെയിൽ അയച്ചിരുന്നു. 603 മാർക്കാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തന്‍റേതെന്ന പേരിൽ എൻ.ടി.എ അപ്‌ലോഡ് ചെയ്ത ഷീറ്റിൽ 132 മാർക്ക് മാത്രമാണുള്ളതെന്നുമാണ് ആരോപണം.
ഈ വിഷയം അന്വേഷിക്കണമെന്നും സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ കോളേജിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നും എന്നാൽ കേസ് തീർന്ന് തന്റെ അവകാശവാദം തെളിഞ്ഞാൽ ആ സീറ്റിൽ പ്രവേശനം നേടാമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here