ആപ്പിളിൽ സൂചി കൊണ്ട് കുത്തിയ പാടുകൾ; മുറിച്ചാൽ കറുപ്പും ചുവപ്പും നിറങ്ങളും; വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിൾ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം, ആശങ്ക

0

വയനാട്: ആപ്പിൾ കഴിച്ചവർക്ക് അസ്വസ്ഥത.വയനാട് പുൽപ്പള്ളിയിൽ വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിൾ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം. വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. സംഭവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി ഡി സജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

മൈസൂരുവിൽ നിന്നും എത്തിച്ച് വിൽപ്പന നടത്തിയ ആപ്പിളുകളിലാണ് അസ്വാഭാവികത കണ്ടെത്തിയത് എന്നാണ് സൂചന. ആലത്തൂർ ഭാഗത്ത് ആപ്പിൾ കഴിച്ചവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് പുൽപ്പള്ളി, സുൽത്താൻ ബത്തേരി, ആലത്തൂർ മേഖലകളിലെ ജനങ്ങൾ.

ആലത്തൂർ ഭാഗത്ത് വീട്ടമ്മമാരും വിദ്യാർഥികളും കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഹർത്താൻ തലേന്ന് വാങ്ങിയ ആപ്പിൾ മക്കൾക്ക് നൽകാനായി മുറിച്ച് നോക്കിയപ്പോൾ ഉള്ളിൽ സൂചി കുത്തിയ പോലെയുള്ള ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും പിന്നീട് ഇത് കഴിച്ചില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഡി സജി പറഞ്ഞു. മുറിച്ച് കുറച്ചു സമയം വെക്കുമ്പോഴേക്കും ആപ്പിളുകളിൽ കറുപ്പും ചുവപ്പും നിറങ്ങൾ പടരുന്നതായും സജി ചൂണ്ടിക്കാട്ടി.

ഇവയുടെ ചിത്രങ്ങൾ കൂടി ചേർത്താണ് ബന്ധപ്പെട്ടവർക്ക് സജി പരാതി നൽകിയിത്. കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എസ്‍പി ഉറപ്പ് നൽകിയതായി സജി പറഞ്ഞു. ആപ്പിൾ കേടാകാതിരിക്കാൻ മെഴുകു പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന സംശയം കഴിഞ്ഞ ദിവസം ചികിത്സ തേടിയവരിൽ ചിലർ പങ്കുവെച്ചതായും പറയപ്പെടുന്നു.

നാഗ്പൂർ, ഹിമാചൽ പ്രദേശങ്ങളിൽ നിന്നുള്ള ആപ്പിളുകൾ പ്രധാനമായും മൈസുരുവിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിന്ന് ലോറികളിൽ വയനാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്.

ചെറിയ ഗുഡ്‌സ് വാഹനങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിയവരിൽ നിന്നാണ് പലരും ആപ്പിൾ വാങ്ങിക്കഴിച്ചത്. അതേസമയം, ഒരുമാസമായി ആപ്പിൾ കേടാകാതെ ഇരിക്കുന്നുണ്ടെന്ന ആശങ്കയും നാട്ടുകാരിൽ ചിലർ പങ്കുവെച്ചു.

വിളവെടുപ്പുകാലമായതോടെ ജില്ലയിലെമ്പാടും വ്യാപകമായി പല തരത്തിലുള്ള ആപ്പിൾ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. അതിനിടെ സംഭവം സംബന്ധിച്ച് ജില്ല ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇക്കാര്യത്തിൽ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രതികരണം ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here