യാത്രയ്ക്കിടയിൽ മൊബൈൽ മോഷണം; വിടാതെ പിന്തുടർന്ന് പോലീസും; നിരവധി കേസുകളിലെ പ്രതി പിടിയിലാകുമ്പോൾ

0

തിരുവല്ല: ബസിലും ട്രെയിനിലുമായി മോഷണം പതിവാക്കിയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് സോമന്‍ (63)നെയാണ് തിരുവല്ല ബസ് ടെര്‍മിനലില്‍വെച്ച് പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണാണ് ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നത്.

വെള്ളിയാഴ്ച സൂപ്പര്‍ഫാസ്റ്റ് ബസില്‍ അടൂരില്‍നിന്ന് കയറിയ പന്തളം പറന്തല്‍ സ്വദേശി ജെയിംസ് മാത്യുവിന്റെ 25,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയി. പന്തളത്ത് ബസ് ഇറങ്ങിക്കഴിഞ്ഞപ്പോഴാണ്, വിവരം ജെയിംസ് മനസ്സിലാക്കുന്നത്. ഉടന്‍ ജെയിംസ് മറ്റൊരു വാഹനത്തില്‍ ബസിന് പിന്നാലെ പോയി. പോലീസിനെയും വിവരം അറിയിച്ചു.

തിരുവല്ല ടെര്‍മിനലില്‍ ബസ് കയറിയപ്പോഴേയ്ക്കും പോലീസും ജെയിംസും അവിടെ എത്തി. പോലീസ് നടത്തിയ പരിശോധനയില്‍, ഫോണുമായി സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ മൊബൈല്‍ ഫോണുകളും പഴ്സും കണ്ടെടുത്തു.

വിലകൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും 1800 രൂപയുള്ള പഴ്‌സും കണ്ടെടുത്തിട്ടുണ്ട്. കോട്ടയത്തെ പോക്കറ്റടി കേസില്‍ പിടിയിലായ സോമന്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരേ ഇതുപോലുള്ള കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. റിമാന്‍ഡ് ചെയ്തു.

Leave a Reply