കണ്ണുരുട്ടി കോഹ്ലി; കാര്‍ത്തിക്കിന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ ക്യാപ്‌റ്റന്‍

0

മൊഹാലി: ആദ്യ ട്വന്റി-20 ഓസ്‌ട്രേലിയയ്‌ക്ക് അടിയറവച്ച മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ മുഖഭാവങ്ങളും ചെയ്‌തികളും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. അതില്‍ ആരാധകര്‍ പങ്കുവച്ച്‌ റെക്കോഡിട്ടത്‌ മുന്‍ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിയുടെ കണ്ണുരുട്ടലും ദിനേഷ്‌ കാര്‍ത്തിക്കിന്റെ കഴുത്തിനു പിടിച്ചുള്ള ഇപ്പോഴത്തെ ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മയുടെ തമാശയുമായിരുന്നു.
ഉമേഷ്‌ യാദവിന്റെ ആദ്യ ഓവറില്‍ ഓസീസ്‌ ഓപ്പണര്‍ കാമറൂണ്‍ ഗ്രീനിന്റെ വെടിക്കെട്ടാണ്‌ കോഹ്ലിയുടെ കണ്ണുരുട്ടലിനു കാരണമായത്‌. യാദവിന്റെ ആദ്യ നാലു പന്തുകളും അതിര്‍ത്തി കടത്തിയായിരുന്നു ഗ്രീനിന്റെ താണ്ഡവം. ഇതില്‍ രണ്ടാം പന്തിലെ ഗ്രീനിന്റെ ബൗണ്ടറിക്കു പിന്നാലെ കോഹ്ലിയുടെ മുഖത്തുവിരിഞ്ഞ ഭാവം ക്യാമറക്കണ്ണില്‍ പതിഞ്ഞു. സാമൂഹികമാധ്യമങ്ങള്‍ കോഹ്ലിയുടെ ഭാവം ഏറ്റെടുക്കുകയും ചെയ്‌തു.
അതിനിടയില്‍ കമന്റേറ്ററും മുന്‍ വെസ്‌റ്റിന്‍ഡീസ്‌ താരവുമായ ഇയാന്‍ ബിഷപ്‌ നടത്തിയ പ്രവചനം അച്ചട്ടാകുകയും ചെയ്‌തു. കോഹ്ലിയുടെ നോട്ടം പുതിയ മീം ആകുമെന്നായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍. അതു യാഥാര്‍ഥ്യമാക്കി സാമൂഹിക മാധ്യമങ്ങളില്‍ കോഹ്ലീഭാവം ഇപ്പോള്‍ വൈറലാണ്‌.
ഓസ്‌ട്രേലിയ ബാറ്റ്‌ ചെയ്‌തപ്പോള്‍ മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവന്‍ സ്‌മിത്തിന്റെ പുറത്താകലില്‍ രോഹിത്‌ ശര്‍മയുടെ ആഹ്‌ളാദപ്രകടനമാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ മറ്റൊരു ദൃശ്യം. ഉമേഷ്‌ യാദവ്‌ എറിഞ്ഞ 12-ാം ഓവറില്‍ സ്‌മിത്തിന്റെ ബാറ്റിലുരസിയ പന്ത്‌ കാര്‍ത്തിക്‌ പിടിച്ചു.
ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ അനങ്ങിയില്ല. ഡി.ആര്‍.എസിനായുള്ള കാര്‍ത്തിക്കിന്റെ മുറവിളിക്കു രോഹിത്‌ ചെവികൊടുത്തു. പുനഃപരിശോധനയില്‍ മുന്നാം അമ്പയര്‍ ഔട്ട്‌ വിധിച്ചു. ഇതോടെ കാര്‍ത്തിക്കിന്റെ കഴുത്തില്‍ അമര്‍ത്തി രോഹിത്‌ ആഹ്‌ളാദം പ്രകടിപ്പിച്ചു. ഈ ദൃശ്യവും തരംഗമാകാന്‍ വൈകിയില്ല.

Leave a Reply