ഒരേ ബൈക്കിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ; പഴയ സഹപ്രവർത്തകന് കണ്ണീരോടെ വിടനൽകി മന്ത്രി റോഷി അ​ഗസ്റ്റിൻ

0

കോട്ടയം: അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിന് മന്ത്രി റോഷി അഗസ്റ്റിൻ കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കെ.ടി.യു.സി. (എം) എലിക്കുളം മണ്ഡലം പ്രസിഡന്റും കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയംഗവുമായ രാജേഷ് പള്ളത്താണ് കാലിലെ മുറിവിലുണ്ടായ അണുബാധയെ തുടർന്ന് മരിച്ചത്. പാർട്ടിപ്പതാക പുതപ്പിച്ചാണ് പ്രവർത്തകർ രാജേഷിന് വിടനൽകിയത്. യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിലിരിക്കെ തന്റെ സഹപ്രവർത്തകനായിരുന്ന രാജേഷിന്റെ സംസ്‌കാരച്ചടങ്ങുകൾക്ക് മന്ത്രിയും എത്തി.

2000 ഡിസംബറിൽ കെ.എസ്.സി.(എം) സംസ്ഥാന പ്രസിഡന്റായിരിക്കെ റോഷി അഗസ്റ്റിൻ വിദ്യാഭ്യാസരംഗത്തെ അഴിമതിക്കെതിരേ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രവർത്തകർക്കൊപ്പം വിമോചനയാത്ര എന്ന ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. യാത്രയിലുടനീളം രാജേഷായിരുന്നു റോഷിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചത്. അന്നുമുതലുള്ള സൗഹൃദ ഓർമകളുമായാണ് മന്ത്രി വന്നത്.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാനസെക്രട്ടേറിയറ്റംഗം, വിവിധ പോഷകസംഘടനാ ഭാരവാഹിത്വം എന്നിവ വഹിച്ചിട്ടുള്ള രാജേഷ് ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. അടുത്തിടെ കാലിലെ മുറിവിൽ അണുബാധ ഉണ്ടായി. ഇത് രക്തത്തിലും തലച്ചോറിലും ബാധിച്ചാണ് അന്ത്യം. ക്ഷീരകർഷകൻകൂടിയായ രാജേഷിന്, തൊഴുത്തിലെ ചാണകത്തിൽനിന്നാണ് അണുബാധയേറ്റതെന്ന് കരുതുന്നു.

കോവിഡ് കാലത്ത് തന്റെ കൃഷിയിടത്തിലെ 15 ടണ്ണോളം കപ്പ ദുരിതബാധിതർക്കായി വിവിധ സംഘടനകൾ വഴി സൗജന്യമായി നൽകിയിരുന്നു. ജോസ് കെ.മാണി എം.പി., മാണി സി.കാപ്പൻ എം.എൽ.എ., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അനുശോചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here