കേരളത്തിലേക്കു മാരക ലഹരിമരുന്നു കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി ദുബായിലേക്കു കടന്നതായി വിവരം

0

കേരളത്തിലേക്കു മാരക ലഹരിമരുന്നു കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി ദുബായിലേക്കു കടന്നതായി വിവരം. ബംഗളുരുവില്‍ താമസിച്ചു ലഹരി മരുന്നു നിര്‍മിച്ച്‌ കേരളത്തിലേക്ക്‌ എത്തിക്കുന്ന നൈജീരിയന്‍ സംഘത്തിലെ മുഖ്യകണ്ണിയാണു ഘാന സ്വദേശിയായ ഇയാളെന്നു പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ജൂലൈ മുതല്‍ ഇയാള്‍ ഇന്ത്യയിലുണ്ടായിരുന്നു.
കഴിഞ്ഞ മാസം പാലാരിവട്ടം പോലീസ്‌ ബംഗളുരുവില്‍നിന്നു പിടികൂടിയ നൈജീരിയന്‍ സ്വദേശി ഒക്കാഫോര്‍ എസേ ഇമ്മാനുവലിന്‌ ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്‌തുകൊടുത്ത ഘാന സ്വദേശിനി എയ്‌ഞ്ചല തക്വിവ ബ്രോബെറി(26)യില്‍നിന്നാണു മുഖ്യസൂത്രധാരന്‍ ദുബായിലേക്കു കടന്നതായ വിവരം ലഭിച്ചത്‌. ഇവരും കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. ഇനി നൈജീരിയന്‍ സംഘത്തിലെ രണ്ടുപേരെക്കൂടി കിട്ടാനുണ്ട്‌. ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണു വിവരം. കഴിഞ്ഞ ആറുമാസത്തിനിടെ സംഘം കൊച്ചിയിലേക്കു കടത്തിയതു നാലര കിലോ എം.ഡി.എം.എ. ആണ്‌.
എന്നാല്‍, എം.ഡി.എം.എ. എവിടെനിന്നാണു ലഭിക്കുന്നതെന്ന്‌ പിടിയിലായവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുംബൈ, ചെന്നൈ, ഹൈദരാബാദ്‌, ഡല്‍ഹി, കൊച്ചി, ബംഗളുരു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇവരുടെ ഇടപാട്‌ നടക്കുന്നത്‌. മുഖ്യസൂത്രധാരനായ ഘാന സ്വദേശി ഇന്ത്യയില്‍ പലപ്പോഴായി വന്നുപോകുന്നയാളാണ്‌. ഇന്ത്യയിലിരുന്നാണു ഇവരുടെ ഇടപാടുകള്‍. നൈജീരിയ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ബാങ്ക്‌ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ഉപയോഗിച്ചാണ്‌ ഇടപാടുകള്‍. അതിനാല്‍, യഥാര്‍ഥ ഇടപാടുകാരിലേക്ക്‌ എത്തുക എളുപ്പമല്ല.
മയക്കുമരുന്ന്‌ ആവശ്യക്കാര്‍ ബംഗളുരുവില്‍ ഇവരെ തേടിയെത്തുകയാണു പതിവ്‌. സ്‌ഥലം പലവട്ടം മാറ്റിപ്പറഞ്ഞു കിലോമീറ്ററുകള്‍ അകലെയെത്തിച്ചാണു വില്‍പ്പന. ബൈക്കില്‍ എത്തിയാണു ലഹരിമരുന്ന്‌ കൈമാറുന്നത്‌. പണമിടപാട്‌ നേരിട്ടാണ്‌. ഇതിനായി ഗൂഗിള്‍പേ പോലുള്ള യു.പി.ഐ. ആപ്പുകളും ഉപയോഗിക്കുന്നു.
തട്ടിപ്പിന്റെ എല്ലാവശവും അറിയാമെന്നതിനാല്‍ ഇവരെ കുടുക്കുക ശ്രമകരമാണെന്നു പോലീസ്‌ പറയുന്നു. ഇന്ത്യക്കാരുടെ സഹായത്തോടെയാണു ഇവരുടെ ഇടപാടുകള്‍. ഇടപാടുകള്‍ നടത്താനും ഒളിത്താവളമൊരുക്കാനും നാട്ടുകാരുടെ സഹായം ലഭിക്കുന്നുണ്ട്‌. വടക്കേന്ത്യയിലെ അടഞ്ഞുകിടക്കുന്ന മരുന്നുകമ്പനികളുടെ മറവിലാണു എം.ഡി.എം.എ. നിര്‍മാണമെന്നാണു സംശയിക്കുന്നത്‌. ഇത്തരത്തിലുള്ള മരുന്നു കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
കഴിഞ്ഞ ജൂലൈ 12-ന്‌ 102.4 ഗ്രാം എം.ഡി.എം.എയുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാളെ പാലാരിവട്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളില്‍നിന്നു കിട്ടിയ വിവര പ്രകാരം അലിന്‍ ജോസഫ്‌, നിജു പീറ്റര്‍, അലന്‍ ടോണി എന്നിവരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്‌തതില്‍നിന്നാണു ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നു കേരളത്തിലേക്കു വന്‍തോതില്‍ ലഹരി മരുന്നെത്തിക്കുന്ന കണ്ണികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. ഇവരില്‍നിന്നാണു ബംഗളുരുവില്‍നിന്നു കേരളത്തിലേക്ക്‌ എം.ഡി.എം.എ. എത്തിക്കുന്ന വര്‍ഗീസ്‌ ജോസഫ്‌ ഫെര്‍ണാണ്ടസിനെപ്പറ്റി വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ എസേ ഇമ്മാനുവലിനെപ്പറ്റിയും വിവരം ലഭിച്ചു.

Leave a Reply