ഏഷ്യ കപ്പ് ട്വന്‍റി20 സൂപ്പർ ഫോറിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് 101 റൺസ് ജയം

0

ഏഷ്യ കപ്പ് ട്വന്‍റി20 സൂപ്പർ ഫോറിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് 101 റൺസ് ജയം. ഭുവനേശ്വർ കുമാറിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

അഫ്ഗാന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തിരുന്നു. ഇബ്രാഹിം സദറിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് അഫ്ഗാൻ സ്കോർ നൂറു കടത്തിയത്. 59 പന്തിൽ താരം 64 റൺസെടുത്തു. ഇബ്രാഹിമിനു പുറമെ, റഷിദ് ഖാൻ (15 റൺസ്), മുജീബുർ റഹ്മാൻ (18) എന്നിവർ മാത്രമാണ് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്നത്.

21 റൺസെടുക്കുന്നതിനിടെ അഫ്ഗാന്‍റെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. നാലു ഓവറിൽ നാലു റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ അഞ്ചു വിക്കറ്റെടുത്തത്. അർഷ്ദീപ് സിങ്, രവിചന്ദ്രൻ അശ്വിൻ, ദിനേശ് കാർത്തിക് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. നേരത്തെ, വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് അഫ്ഗാനിസ്താനെതിരെ ഇന്ത്യ ഇരുന്നൂറ് കടന്നത്.

ട്വന്‍റി20യിലെ കോഹ്‌ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. 61 പന്തിൽ 122 റൺസെടുത്ത് താരം മത്സരത്തിൽ പുറത്താകാതെ നിന്നു. 14 ഫോറുകളും ആറു സിക്സറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. രണ്ടര വർഷത്തെ ഇടവേളക്കുശേഷമാണ് ഒരു രാജ്യന്തര മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടുന്നത്.

53ാമത്തെ പന്ത് സിക്സിലേക്ക് പറത്തിയാണ് താരം നൂറിലെത്തിയത്. രോഹിത്ത് ശർമക്കു പകരം ടീമിനെ നയിക്കുന്ന കെ.എൽ. രാഹുൽ അർധ സെഞ്ച്വറി നേടി. 41 പന്തിൽ 62 റൺസെടുത്താണ് താരം പുറത്തായത്. സുര്യകുമാർ യാദവ് ആറു റൺസെടുത്തു. ഋഷഭ് പന്ത് 20 റൺസുമായി പുറത്താകാതെ നിന്നു. രാഹുലും കോഹ്ലിയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 119 റൺസെടുത്തു.

നേരത്തെ, ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫരീദ് അഹ്മദാണ് അഫ്ഗാനുവേണ്ടി രണ്ടു വിക്കറ്റും നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here