ന്യൂസീലന്‍ഡ്‌ എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

0

ന്യൂസീലന്‍ഡ്‌ എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ജയിച്ചാണ്‌ മലയാളി താരം സഞ്‌ജു സാംസണിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ പരമ്പര നേടിയത്‌.
നായകനായി സ്‌ഥാനമേറ്റ ആദ്യ പരമ്പര നേടി സഞ്‌ജു വരവറിയിച്ചു. രണ്ടാം ഏകദിനത്തില്‍ നാല്‌ വിക്കറ്റിനാണ്‌ ഇന്ത്യ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എ ടീം 219 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ എ ടീം കളി തീരാന്‍ 96 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 48 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം 77 റണ്ണെടുത്ത ഓപ്പണര്‍ പൃഥ്വി ഷായും 35 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 37 റണ്ണെടുത്ത സഞ്‌ജു സാംസണുമാണു വിജയ ശില്‍പികള്‍.
ഋഷി ധവാന്‍ (43 പന്തില്‍ 22), ശാര്‍ദൂല്‍ ഠാക്കൂര്‍ (24 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 25) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. ന്യൂസിലന്‍ഡിനു വേണ്ടി ജോയ്‌ കാര്‍ട്ടര്‍ (80 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 72), റാചിന്‍ രവീന്ദ്ര (65 പന്തില്‍ 61) എന്നിവര്‍ അര്‍ധ സെഞ്ചുറികളടിച്ചു. ഹാട്രിക്ക്‌ അടക്കം നാല്‌ വിക്കറ്റെടുത്ത കുല്‍ദീപ്‌ യാദവാണു ന്യൂസിലന്‍ഡിനെ തകര്‍ത്തത്‌. 47-ാം ഓവറിലാണു ഹാട്രിക്ക്‌ നേട്ടം. ലോഗാന്‍ വാന്‍ ബീക്‌ (നാല്‌), ജോ വാക്കര്‍ (നാല്‌), ജേക്കബ്‌ ഡഫി (0) എന്നിവരെ പുറത്താക്കിയാണു കുല്‍ദീപ്‌ ഹാട്രിക്ക്‌ തികച്ചത്‌. സീന്‍ സോലിയയെയും (28) കുല്‍ദീപാണു പുറത്താക്കിയത്‌.
രാഹുല്‍ ചാഹാര്‍, ഋഷി ധവാന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഉമ്രാന്‍ മാലിക്ക്‌, രാജ്‌ ബാവ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
220 റണ്‍ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി ഓപ്പണര്‍ പൃഥ്വി ഷാ മികച്ച പ്രകടനം പുറത്തെടുത്തു. സഹ ഓപ്പണര്‍ ഋതുരാജ്‌ ഗെയ്‌ക്വാദും (34 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 30) മികച്ച പ്രകടനം പുറത്തെടുത്തു.
നാലാമനായാണു സഞ്‌ജു ഇറങ്ങിയത്‌. ന്യൂസിലന്‍ഡിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക്‌ മൂന്ന്‌ വിക്കറ്റും ജേക്കബ്‌ ഡഫി രണ്ട്‌ വിക്കറ്റുമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here