ഹര്‍ത്താലിലെ അക്രമസംഭവങ്ങള്‍; കണ്ണൂരിലും പരിസരത്തും വ്യാപക പോലീസ്‌ റെയ്‌ഡ്‌

0

കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അക്രമസംഭവങ്ങള്‍ ആസൂത്രിതമെന്ന സൂചനയെത്തുടര്‍ന്ന്‌ കണ്ണൂരിലും പരിസരത്തും വ്യാപക പോലീസ്‌ റെയ്‌ഡ്‌.
പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കളുടെ വ്യാപാര സ്‌ഥാപനങ്ങളിലും വീടുകളിലുമാണ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. കണ്ണൂര്‍ താണ ധനലക്ഷ്‌മി ആശുപത്രിക്ക്‌ സമീപത്തെ വീമാര്‍ട്ട്‌ ഹൈപ്പര്‍മാര്‍ക്കറ്റ്‌, ബാങ്ക്‌ റോഡിലെ പ്രഭാത്‌ ജങ്‌ഷനിലെ ടെക്‌സ്‌റ്റൈയില്‍ ഷോപ്പ്‌, കക്കാട്‌ വ്യാപാരസ്‌ഥാപനങ്ങള്‍, കണ്ണൂര്‍ നഗരത്തിലെ നേതാക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലാണു റെയ്‌ഡ്‌ നടത്തിയത്‌.
ഇവിടെ നിന്നും ലാപ്പ്‌ടോപ്പുകള്‍, ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക്‌ രേഖകള്‍ എന്നിവ പിടിച്ചെടുത്തു. ലഘുലേഖകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു വിവരം.
ബാങ്ക്‌ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണു പോലിസ്‌ പരിശോധിക്കുന്നത്‌. പാപ്പിനിശേരി, മട്ടന്നൂര്‍, കണ്ണപുരം എന്നിവിടങ്ങളിലും പോലിസ്‌ ഒരേ സമയത്താണ്‌ റെയ്‌ഡ്‌ നടത്തിയത്‌. വ്യാപാര സ്‌ഥാപനങ്ങള്‍ വഴി അനധികൃതമായി പണംവന്നിട്ടുണ്ടോയെന്നാണ്‌ അന്വേഷിക്കുന്നത്‌.
നേരത്തെ അറസ്‌റ്റിലായ പെരിങ്ങത്തൂര്‍ സ്വദേശിയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ വിദേശത്തു നിന്നും അനധികൃതമായി പണമെത്തിയതായി കണ്ടെത്തിയിരുന്നു.
കണ്ണൂര്‍ എ.സി.പി: ടി.കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ പോലിസ്‌ ഇന്‍സ്‌പെക്‌ടര്‍ ബിനു മോഹന്‍, എന്നിവര്‍ കണ്ണൂര്‍ നഗരത്തിലും എസ്‌. ഐ നസീബ്‌ കക്കാട്ടും റെയ്‌ഡ്‌ നടത്തി. കണ്ണൂര്‍ സിറ്റി സി.ഐ: രാജീവ്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply