ഇലഞ്ഞിയും ഉലയും- കനകക്കുന്നും, കൊട്ടികയറിയ മേളപ്പെരുക്കത്തില്‍ താളം പിടിച്ചത് ആയിരങ്ങള്‍

0

തിരുവനന്തപുരം : ഇലഞ്ഞിമര തണലില്‍ സിംഫണി തീര്‍ക്കുന്ന പാണ്ടിമേളവും അഞ്ചുവാദ്യങ്ങള്‍ ചേര്‍ന്നൊഴുകുന്ന പഞ്ചവാദ്യവും കനകക്കുന്നിന് സമ്മാനിച്ചത് ശബ്ദങ്ങളുടെ, കാഴ്ചകളുടെ മാജിക്കല്‍ റിയലിസം. കേരളത്തിന്റെ തലപൊക്കമായ തൃശൂര്‍ പൂരത്തിന്റെ മേളങ്ങളിലെ മുന്‍നിരക്കാരാണ് കനകക്കുന്നില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിന് കാര്‍മികത്വം വഹിച്ചത്.

40 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള മേളപ്രമാണി കലാരത്‌നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന കലാകാരന്‍മാരാണ് കനകക്കുന്നില്‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാട ചടങ്ങിന് മുന്നോടിയായി വാദ്യവിരുന്നൊരുക്കിയത്.

ഒമ്പത് ഉരുട്ട് ചെണ്ടകള്‍, ആറ് വീക്കന്‍ ചെണ്ടകള്‍, മൂന്ന് വീതം കുറുങ്കുഴലും കൊമ്പും, ഇലത്താളങ്ങള്‍ എന്നീ വാദ്യോപകരണങ്ങള്‍ ഇവിടെ താളാത്മകമായി ഒന്നിച്ചപ്പോള്‍ ‘ഇലഞ്ഞിയും ഉലയും’ എന്ന ദേശക്കാരുടെ വിശ്വാസത്തെ കനകക്കുന്നിലെത്തിയ വാദ്യപ്രേമികള്‍ ശരിവച്ചു.

‘പതിനെട്ടുവാദ്യവും ചെണ്ടയ്ക്കുതാഴെ’ എന്ന വാമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ ഭൈരവി രാഗത്തില്‍ കുറുംകുഴല്‍ കലാകാരന്‍മാര്‍ വര്‍ണം ആലപിച്ചമ്പോള്‍ തൃപുട- 14 അക്ഷരക്കാലത്തില്‍ വരുന്ന ഓരോ താളവട്ടങ്ങളിലും കൊമ്പ് കലാകാരന്‍മാര്‍ ചിട്ടവട്ടമനുസരിച്ച് മേളത്തില്‍ കൈകോര്‍ത്തു.

Leave a Reply