ആളിക്കത്തുന്നു; മഷാ അമീനിയുടെ മരണത്തിൽ ഹിജാബ് വലിച്ചുകീറിയും കത്തിച്ചും പ്രതിഷേധിച്ച് സ്ത്രീകൾ

0

ടെഹ്‌റാന്‍: ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന് ഇറാനില്‍ പോലീസ് അറസ്റ്റുചെയ്ത യുവതി കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധം പടരുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി സ്വന്തം ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ‘ഏകാധിപതിക്കു മരണം’ എന്ന് അവര്‍ മുദ്രാവാക്യവും മുഴക്കി. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്ത്രീകള്‍ തലമറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ് ഇറാനില്‍.

പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്താനില്‍നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22 വയസ്സുള്ള മഷാ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച പോലീസ് അറസ്റ്റുചെയ്തത്. പോലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പോലീസിന്റെ വാദം ബന്ധുക്കള്‍ നിഷേധിച്ചു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഇബ്രാഹിം റെയ്‌സി സര്‍ക്കാര്‍ ഹിജാബ് നിയമം കര്‍ക്കശമാക്കി ആഴ്ചകള്‍ക്കുള്ളിലാണ് ഈ സംഭവം. പുതിയ വസ്ത്രധാരണച്ചട്ടം അനുസരിക്കാത്തവര്‍ക്ക് കര്‍ശനശിക്ഷ നല്‍കുമെന്നും റെയ്‌സി വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്നും ചിലയിടത്ത് വെടിയൊച്ച കേട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here