മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടർന്ന് സുരക്ഷ ഇരട്ടിയാക്കിയെന്ന് പോലീസ്

0

കോട്ടയം :- കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലും പരിസരത്തുമുള്ള സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുള്ളതായി കോട്ടയം ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കൂടുതൽ ജീവനക്കാരെ സുരക്ഷാ ജോലികൾക്ക് നിയോഗിച്ചിട്ടുണ്ട്. ഡോക്ടർമാർ, നേഴ്സുമാർ, ക്ലീനിംഗ് സ്റ്റാഫ്, മറ്റു ഡ്യൂട്ടിക്കാർ എന്നിവരും നിർബന്ധമായി തിരിച്ചറിയൽ കാർഡ് ധരിക്കണം. തിരിച്ചറിയൽ കാർഡ് ധരിക്കാത്തവർക്ക് വാർഡുകളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി കൂടുതൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും കൺട്രോൾ റൂം പോലീസിന്റെ റോന്ത് ചുറ്റലും ഏർപ്പാടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2022 ജനുവരി 6 ന് ഉച്ചക്ക് 3.20 നാണ് കുറ്റൂർ സ്വദേശിനി നീതുരാജ് വണ്ടിപെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടു പോയത്. പ്രതിക്കെതിരെ ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആശപത്രി സൂപ്രണ്ട് അറിയിച്ചു. ഇതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

Leave a Reply