ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച നിമിഷത്തിൽ നിന്നും യുവതിയെയും മൂന്നുമക്കളെയും സമയോചിത ഇടപെടലിലൂടെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി

0

കാസർകോട്: ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച നിമിഷത്തിൽ നിന്നും യുവതിയെയും മൂന്നുമക്കളെയും സമയോചിത ഇടപെടലിലൂടെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.രാജേന്ദ്രൻ, കെ.രാമചന്ദ്രൻ നായർ, എ.ആർ. ക്യാമ്പിലെ സി.പി.ഒ.മാരായ ജയേഷ് പല്ലത്ത്, ടോണി ജോർജ് എന്നിവർക്കാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന മികച്ച സേവനത്തിനുള്ള സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. ജില്ലാ പോലീസ് ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ.സുധാകരൻ, സീനിയർ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സതീന്ദ്രൻ എന്നിവരും പങ്കെടുത്തു.

ഞായറാഴ്ചയാണ് ഉദുമ പഞ്ചായത്തിലെ യുവതി ഭർത്താവിന്റെ അവഗണനയിൽ മനംനൊന്ത് മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധുക്കൾക്ക് ബന്ധപ്പെടാനായിരുന്നില്ല. സംശയം തോന്നി യുവതിയുടെ സഹോദരി മേൽപ്പറമ്പ് പോലീസിന്റെ സഹായം തേടുകയായിരുന്നു.

കാണാതായവരുടെ തിരിച്ചറിയൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറിയിരുന്നു. മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി.ഉത്തംദാസ് ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേന്ദ്രനെയും രാമചന്ദ്രനെയും അന്വേഷണത്തിന് വിട്ടു. യുവതിയും മൂന്ന്‌ കുട്ടികളും ഓട്ടോറിക്ഷയിൽ കയറിപ്പോയതായി പരിസരവാസികൾ അറിയിച്ചു.

ഏറെ അന്വേഷണത്തിനൊടുവിൽ ഡ്രൈവറെ പോലീസ് കണ്ടെത്തിയപ്പോൾ കീഴൂർ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം ഇറക്കിയതായി വിവരം കിട്ടി. കീഴൂരിലെ പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിച്ച് ഫ്ളയിങ്‌ സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയേഷ്, ടോണി ജോർജ് എന്നിവരോട് പെട്ടെന്നുതന്നെ ചെമ്പരിക്കയിലേക്ക് പോകാൻ ഇൻസ്പെക്ടർ നിർദേശിച്ചു.

പാറയിടുക്കിൽ കടലിൽ ചാടാൻ തയ്യാറായിനിൽക്കുന്ന യുവതിയെയും മൂന്നുമക്കളെയുമാണ് കുതിച്ചെത്തിയ പോലീസുകാർ കണ്ടത്. ക്ഷമാപൂർവം അവരെ സാന്ത്വനിപ്പിച്ച് കല്ലിനുമുകളിൽനിന്ന് താഴെയിറക്കിയ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും ചേർന്ന് കുടുംബത്തെ സമാശ്വസിപ്പിച്ചു.

ഇവരെ പോലീസ് ജീപ്പിൽ കയറ്റി മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ച് കാൺസലിങ് നൽകി ജീവിതത്തിൽ പ്രതീക്ഷ വളർത്തിയശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. സംഭവമറിഞ്ഞ സുമനസ്സുകൾ പാവപ്പെട്ട കുടുംബത്തിന് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.

കുടുംബത്തിന് നിയമപരമായ എല്ലാ പരിരക്ഷയും ഒരുക്കി സന്നദ്ധസംഘടനാപ്രവർത്തകർ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ചേർന്ന് സ്ത്രീയുടെയും മക്കളുടെയും വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മേൽപ്പറമ്പ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here