വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 10 ദിവസം നീളുന്ന യുഎസ് സന്ദർശനത്തിന് ന്യൂയോർക്കിലെത്തി

0

ന്യൂഡൽഹി ∙ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 10 ദിവസം നീളുന്ന യുഎസ് സന്ദർശനത്തിന് ന്യൂയോർക്കിലെത്തി. ഐക്യരാഷ്ട്രസംഘടന പൊതുസഭയിൽ 24ന് അദ്ദേഹം പ്രസംഗിക്കും. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പൊതുസഭ പ്രസിഡന്റ് ക്സാബ കൊറോസി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് നേരിട്ടുള്ള യോഗം നടക്കുന്നത്.

ഇന്ത്യ, ബ്രസീൽ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളടങ്ങിയ ജി4 രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലും ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ രാജ്യങ്ങളുടെ എൽ 69 സമ്മേളനത്തിലും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക യുഎൻ ചടങ്ങിലും മന്ത്രി പങ്കെടുക്കും.

ജി20 രാജ്യങ്ങളിലേതടക്കമുള്ള വിദേശകാര്യമന്ത്രിമാരുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. 25 മുതൽ 28വരെ വാഷിങ്ടൻ ഡിസിയിൽ സന്ദർശനം നടത്തും. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തും.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് തുടങ്ങിയവർ ജനറൽ അസംബ്ലിയിൽ എത്തും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യുദ്ധം തുടങ്ങിയ ശേഷം രാജ്യം വിട്ടു പുറത്തേക്ക് പോയിട്ടില്ല എന്നതിനാൽ അദ്ദേഹത്തിന്റെ മുൻകൂർ റെക്കോർഡ് ചെയ്ത പ്രസംഗം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കേൾപ്പിക്കും. റഷ്യ അവരുടെ പ്രതിനിധിയായി വിദേശകാര്യമന്ത്രി സെർജി ലാവ്​റോവിനെ ആണ് അയയ്ക്കുന്നത്. ഇന്ന് വിദ്യാഭ്യാസം എന്ന വിഷയത്തോടെയാണ് ജനറൽ അസംബ്ലി ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here