സംസ്‌ഥാനത്ത്‌ കോവിഡ്‌ ബാധ വ്യാപകമെന്നും പരിശോധനകളില്ലാത്തതിനാല്‍ തിരിച്ചറിയപ്പെടുന്നില്ലെന്നും വിദഗ്‌ധര്‍

0

സംസ്‌ഥാനത്ത്‌ കോവിഡ്‌ ബാധ വ്യാപകമെന്നും പരിശോധനകളില്ലാത്തതിനാല്‍ തിരിച്ചറിയപ്പെടുന്നില്ലെന്നും വിദഗ്‌ധര്‍. മുമ്പ്‌ മൂന്നോ നാലോ ദിനംകൊണ്ട്‌ നെഗറ്റീവാകുന്ന കോവിഡ്‌ രോഗബാധ ഇപ്പോള്‍ ശരീരം വിട്ടൊഴിയാന്‍ പത്തുമുതല്‍ 14 ദിവസത്തോളം എടുക്കുന്നുവെന്നാണു പുതിയ പഠനങ്ങള്‍. മുമ്പ്‌ കോവിഡ്‌ രോഗികളെ അഞ്ചുമുതല്‍ ഏഴുദിവസം വരെയാണ്‌ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ നിരീക്ഷിച്ചിരുന്നത്‌. എന്നാലിപ്പോള്‍ അഞ്ചു ദിവസം കഴിഞ്ഞും ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ പോസിറ്റീവായി കാണിക്കുന്നു. അതായത്‌ രോഗി 12-14 ദിവസം വരെ പോസിറ്റീവായി തുടരുന്നു. ഇതിനു കാരണങ്ങള്‍ അവ്യക്‌തമാണെന്നും വിദഗ്‌ധര്‍ പറയുന്നു.
അഞ്ചോ ആറോ ദിവസം കഴിഞ്ഞ്‌ രോഗംമാറിയെന്ന്‌ വിശ്വസിച്ച്‌ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരിലേക്ക്‌ വ്യാപകമായി പടര്‍ത്തുന്നതാണ്‌ രോഗവ്യാപനം നിലവില്‍ കൂടാന്‍ കാരണം. അതേസമയം, കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം തുലോം കുറവാണ്‌. രോഗം ബാധിച്ചാല്‍ പതിവു ലക്ഷണങ്ങള്‍ തന്നെയാണിപ്പോഴും. ഒരിക്കല്‍ രോഗം പിടിപെട്ടവരില്‍ വീണ്ടും രോഗബാധയുണ്ടാകുന്നുണ്ട്‌. ഇത്‌ ഇതരരോഗങ്ങള്‍ പിടിപെടാനും അതു ഗുരതരമാകാനുള്ള കാരണമാകുന്നു. അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ കോവിഡ്‌ രോഗം ബാധിച്ചവരുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കു ബാധകമാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെ വൈറല്‍ പനി, ജലദോഷം എന്നിങ്ങനെ തെറ്റിദ്ധരിക്കുന്നു
രോഗം ബാധിച്ചാല്‍ മൂന്നുമാസം കഠിന ജോലികള്‍ പാടില്ല
രോഗികളില്‍ ഊര്‍ജക്കുറവുമൂലം ക്ഷീണമുണ്ടാകും
രക്‌തക്കൂഴലുകളെ ബാധിക്കുന്നതിനാല്‍ ഹൃദയാഘാത സാധ്യതയേറി
യുവാക്കളിലും കുട്ടികളിലും കോവിഡ്‌ ഗുരുതരമാകുന്നില്ല.
പ്രായമേറിയവരില്‍ ഹൃദയം, കിഡ്‌നി എന്നിവയെ പില്‍ക്കാലത്ത്‌ ബാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here