കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

0

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ഹൃദ്​രോ​ഗബാധക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് പോലും മതമേലധ്യക്ഷന്മാരെ കണ്ടുവണങ്ങാൻ തയ്യാറാകാതിരുന്ന കേരളത്തിലെ ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ആര്യാടൻ മുഹമ്മദ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരുടെ പോലും ആരാധനാ പാത്രമായിരുന്നു ആര്യാടൻ. പക്ഷേ, ആര്യാടനെ സിപിഎം എക്കാലത്തും ശത്രപക്ഷത്ത് തന്നെയായിരുന്നു കണ്ടിരുന്നത്. അതിന് പ്രധാനകാരണം മുൻ നിലമ്പൂർ എം എൽ എ ആയിരുന്ന കെ. കുഞ്ഞാലിയെ വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നു എന്ന ആരോപണമാണ്. ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ ഇന്ദിരാഗാന്ധി ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു.

കുഞ്ഞാലി വധക്കേസിൽ ആര്യാടനായിരുന്നു ഒന്നാം പ്രതി. പിന്നീട് കോടതി ആര്യാടനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ആര്യാടനാണ് തന്നെ വെടിവെച്ചതെന്ന് കുഞ്ഞാലി പൊലീസിന് മൊഴി നൽകിയിരുന്നു. കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോൺഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടൻ മുഹമ്മദ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരുന്നു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താനാണ് വെടിവെച്ചതെന്ന് പിന്നീട് ഗോപാലൻ തന്നോട് പറഞ്ഞിരുന്നതായും ആര്യാടൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി വധത്തിന് ശേഷം ഗോപാലൻ സജീവ കോൺഗ്രസ് പ്രവർത്തകനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചുള്ളിയോട് അന്ന് രാവിലെമുതൽ സംഘർഷം ആരംഭിച്ചിരുന്നു. ഞാൻ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ പുറത്ത് ഞങ്ങളുടെയും പ്രവർത്തകർ സംഘടിച്ചുതുടങ്ങി. ഇതിൽ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നിൽപ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ ഞാൻ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.’

‘ഗോപാലൻ അന്ന് ഞങ്ങളുടെ പ്രവർത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മിൽ ഒരിക്കൽ റോഡിൽവെച്ച് തർക്കമുണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചുപോവുമ്പോൾ കുഞ്ഞാലിയുടെ ജീപ്പിൽ തട്ടിയെന്നതിന്റെ പേരിൽ ജീപ്പിൽനിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തിൽ സംഭവിച്ചത്.’, ആര്യാടൻറെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു.

Leave a Reply