9.78 കോടി രൂപ പള്ളി നിർമ്മാണത്തിനായി ചെലവഴിച്ചെന്നും ബില്ലുകളിൽ കൃത്രിമം കാണിച്ചെന്നും പരാതി; മട്ടന്നൂർ പള്ളി നിർമ്മാണത്തിലെ ക്രമക്കേട്; മുസ്ലിം ലീഗ് നേതാവിനെ വീണ്ടും ചോദ്യം ചെയ്തു

0

മട്ടന്നൂർ: മട്ടന്നൂർ ജുമാമസ്ജിദ് പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹ് മാൻ കല്ലായി ഉൾപ്പെടെ മൂന്നുപേരെ മട്ടന്നൂർ പൊലിസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ മുതലാണ് മൂന്ന് പേരെയും മട്ടന്നൂർ പൊലിസ് ഇൻസ്പെക്ടർ ഒ. എംകൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു തുടങ്ങിയത്.

പൊലിസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധിയോടെയാണ് തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി മൃദുല കഴിഞ്ഞ ദിവസം ഇവർക്ക് ജാമ്യം അനുവദിച്ചത്. മട്ടന്നൂർ മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു അബ്ദുറഹ്‌മാൻ കല്ലായി. നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി കുഞ്ഞമ്മദ്, സെക്രട്ടറി യു. മഹറൂഫ് എന്നിവരാണ് കേസിൽ മുൻകൂർ ജാമ്യം ലഭിച്ച മറ്റുള്ളവർ. മൂന്നുപേരും 26 ന് മട്ടന്നൂർ പൊലിസ് സ്റ്റേഷനിൽ ഹാജരാകണം, രാജ്യം വിടാൻ പാടില്ല, പാസ്പോർട്ട് പൊലിസ് സ്റ്റേഷനിലൊ കോടതിയിലൊ ഹാജരാക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ നിബന്ധന.

പള്ളി കമ്മിറ്റിയംഗമായ മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എംപി ഷമീറിന്റെ പരാതിയിൽ മട്ടന്നൂർ പാെലിസാണ് കേസെടുത്തത്. വഖഫ് ബോർഡിന്റെ അനുമതിയും ടെൻഡറും കൂടാതെ 9.78 കോടി രൂപ പള്ളി നിർമ്മാണത്തിനായി ചെലവഴിക്കുകയും ബില്ലുകളിൽ കൃത്രിമം കാണിച്ചെന്നുമാണ് പരാതി. മട്ടന്നൂരിൽ നടന്നത് വിശ്വാസികളുടെ പണം ദുരുപയോഗിച്ചുള്ള കൊള്ളയാണെന്ന് സി.പി. എം ജില്ലാസെക്രട്ടറിയേറ്റംഗം എംപി പുരുഷോത്തമൻ ആരോപിച്ചു.

നഗരസഭയിൽ നിന്നും അനുമതി വാങ്ങാതെയാണ് പള്ളി നിർമ്മാണം നടത്തിയതെന്നും ഇതിനെതിരെയുള്ള പരാതിയും പൊലിസിൽ നൽകിയിട്ടുണ്ട്. മട്ടന്നൂരിലെ ജുമാമസ്ജിദ് നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ശക്തമാണ്. ഇത്തരത്തിൽ നിരവധി പ്രാതികൾ പൊലിസിന് നേരത്തെയും ലഭിച്ചിട്ടുണ്ട്.

Leave a Reply